വ്യാഴാഴ്‌ച, ജൂലൈ 21, 2011

കെഎസ്ആര്‍ടിസിയില്‍ 2030 വരെ ടിക്കറ്റ് ബുക്കിങ് !!!

ബാംഗ്ലൂര്‍: യാത്ര കുറച്ച് നേരത്ത മുന്‍കൂട്ടി പ്ലാന്‍ ചെയ്യണോ, എങ്കില്‍ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലക്ക് പോകൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ അടുത്ത ഇരുപത് കൊല്ലം കഴിഞ്ഞുള്ള ടിക്കറ്റും ബുക്ക് ചെയ്യാം! നമ്മുടെ സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്രയ്ക്കും വളര്‍ന്നോ എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാറാണ് ഇത്രയും നേരത്തെയുള്ള ടിക്കറ്റ് കിട്ടാനുള്ള വഴിയൊപ്പിച്ചത്. ബുധനാഴ്ച രാവിലെ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 20 കൊല്ലം കഴിഞ്ഞ് യാത്ര ചെയ്യേണ്ട ടിക്കറ്റുകള്‍ കിട്ടിയപ്പോള്‍ ശരിയ്ക്കും അന്തം വിട്ടുപോയി.

ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്ക് ബുധനാഴ്ച വൈകിട്ടത്തേക്ക് ടിക്കറ്റെടുത്ത ഒരു യാത്രക്കാരന് 2030 നവംബര്‍ 28ലേക്കുള്ള ടിക്കറ്റാണ് കിട്ടിയത്. ടിക്കറ്റെടുത്തതിന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയ്ക്കപ്പെടുകയും ചെയ്തു. 21 ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സംവിധാനം മാത്രമുള്ളപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്.

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് ഓണ്‍ലൈന്‍ റിസര്‍വേഷനിലെ തകരാറാണ് വില്ലനെന്ന കാര്യം യാത്രക്കാര്‍ക്ക് വ്യക്തമായത്. ഓണ്‍ലൈന്‍ റിസര്‍വേഷന് വേണ്ടി കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിലെ ബഗ്ഗാണ് പ്രശ്‌നമുണ്ടാക്കിയതെന്നും സൂചനകളുണ്ട്. എന്തായാലും തകരാര്‍ ഉച്ചയോടെ പരിഹരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!