ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

എടിഎമ്മിലൂടെ ഇനി മ്യൂച്വല്‍ ഫണ്ടും - യൂണിയന്‍ ബാങ്ക്‌ !!!

കൊച്ചി: പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബില്ലുകളടയ്ക്കാനുമൊക്കെ ഉപയോഗിക്കാറുള്ള എടിഎമ്മുകളിലൂടെ ഇനി മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിനും അവസരമൊരുങ്ങുന്നു. പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ യൂണിയന്‍-കെബിസിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ എടിഎം വഴി ഇടപാടു നടത്തുന്നത് സാധ്യമാക്കുന്നത്. ഒക്‌ടോബറില്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും.

എടിഎമ്മിലൂടെ മ്യൂച്വല്‍ ഫണ്ട് ഇടപാട് നടത്തുന്നത് അതീവ ലളിതമാണ്. തുടക്കത്തില്‍ ഓഫീസിലെത്തി ഇതിനുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം. പിന്നീട് എപ്പോള്‍ വേണമെങ്കിലും എടിഎമ്മിലൂടെ ഡെബിറ്റ് കാര്‍ഡ് വഴി മ്യൂച്വല്‍ ഫണ്ട് ഓപ്ഷനില്‍ പോയി നമുക്ക് വേണ്ട ഫണ്ടില്‍ നിക്ഷേപിക്കാം. മറ്റ് നൂലാമാലകള്‍ ഒന്നുമില്ലാതെ മറ്റാരുടെയും സഹായമില്ലാതെ തന്നെ നമുക്ക് നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

ബെല്‍ജിയത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്‍റ് കമ്പനിയായ കെബിസിയുമായി ചേര്‍ന്ന് യൂണിയന്‍-കെബിസി എന്ന സംയുക്ത സംരംഭമായാണ് യൂണിയന്‍ ബാങ്ക് മ്യൂച്വല്‍ ഫണ്ട് രംഗത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ 51 ശതമാനം ഓഹരികളും യൂണിയന്‍ ബാങ്കിനും 49 ശതമാനം ഓഹരി കെബിസിക്കുമാണ്. ഒമ്പതര ലക്ഷം കോടി രൂപയോളമാണ് കെബിസിയുടെ മൊത്തം ആസ്തി.
നിലവില്‍ രണ്ട് ഫണ്ടുകളാണ് യൂണിയന്‍-കെബിസി പുറത്തിറക്കിയിട്ടുള്ളതെന്ന് യൂണിയന്‍-കെബിസി അസെറ്റ് മാനേജ്‌മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. പ്രദീപ് കുമാര്‍ പറഞ്ഞു; യൂണിയന്‍-കെബിസി ഇക്വിറ്റി ഫണ്ടും ലിക്വിഡ് ഫണ്ടും.

കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ഇക്വിറ്റി ഫണ്ടിലൂടെ 166 കോടിയിലേറെ രൂപ സ്വരൂപിച്ചതായി അദ്ദേഹം അറിയിച്ചു. ഈ തുകയില്‍ 80 ശതമാനവും വന്‍കിട ഓഹരികളിലും 20 ശതമാനം മിഡ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് വ്യക്തമായ അവബോധം നല്‍കുന്ന 'പ്രബോധ്' പദ്ധതിയും തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് സ്വദേശിയായ പ്രദീപ്കുമാര്‍ പറഞ്ഞു. ഈ വര്‍ഷം ചെറുകിട നിക്ഷേപകരില്‍ നിന്ന് യൂണിയന്‍-കെബിസി ഇക്വിറ്റി ഫണ്ടിലൂടെ 400 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതില്‍ മൂന്നു ശതമാനത്തിലധികം കേരളത്തില്‍ നിന്ന് സമാഹരിക്കും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഓഹരി അധിഷ്ഠിത ടാക്‌സ് സേവിങ് പദ്ധതി പ്രകാരമുള്ള ഒരു പുതിയ മ്യൂച്വല്‍ ഫണ്ട് ആരംഭിക്കുമെന്നും പ്രദീപ് കുമാര്‍ അറിയിച്ചു. ഇന്ത്യയിലാകമാനമുള്ള യൂണിയന്‍ ബാങ്ക് ബ്രാഞ്ചുകളിലൂടെയാകും പ്രധാനമായും തങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകളുടെ വില്പന.

ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള രണ്ടുകോടി ഡിമാറ്റ് അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ 50 ലക്ഷത്തില്‍ താഴെ മാത്രമാണെന്നാണ് സെബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മ്യൂച്വല്‍ ഫണ്ടിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതിനാലാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാത്തത്. പെട്ടെന്ന് അമിത ലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല മ്യൂച്വല്‍ ഫണ്ടെന്നും ഒരു ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മാന്യമായ വരുമാനം ഇതില്‍ നിന്നു ലഭിക്കുമെന്നും പ്രദീപ് കുമാര്‍ പറയുന്നു. പല വികസിത രാജ്യങ്ങളിലും ഓഹരി നിക്ഷേപകരെക്കാള്‍ വളരെ കൂടുതലാണ് മ്യുച്വല്‍ ഫണ്ട് നിക്ഷേപകര്‍.

പലപ്പോഴും വിപണി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് ആളുകള്‍ നിക്ഷേപിക്കാനെത്തുന്നത്. ഓഹരി വില താഴ്ന്നു നില്‍ക്കുമ്പോള്‍ ഏറ്റവും നിക്ഷേപ യോഗ്യമായ അവസരമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ സമ്പദ് ഘടന സുസ്ഥിരമാണെന്നും വലിയ ആശങ്കയ്ക്ക് കാരണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അഞ്ചുശതമാനത്തില്‍ താഴെ മാത്രം ആളുകളേ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുള്ളൂ.

മ്യൂച്വല്‍ ഫണ്ടിന്റെ സാധ്യതകളും അതിന്റെ ഗുണദോഷങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായി യൂണിയന്‍-കെ.ബി.സി 'പ്രബോധ്' എന്ന പേരില്‍ ഒരു നിക്ഷേപ ബോധവത്കരണ പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.
നിക്ഷേപകര്‍ക്കായി രാജ്യത്തുടനീളം 1000 ബോധവത്കരണ പരിപാടികളാണ് പ്രബോധിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 50 സ്ഥലത്ത് പ്രബോധ് നടത്താനാണുദ്ദേശിക്കുന്നത്. ഉള്‍പ്രദേശങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!