വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ടവറുകളില്ലാതെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ !!!

ഓസ്‌ട്രേലിയയില്‍ അഡിലെയ്ഡിയിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്ന സങ്കേതം പൂര്‍ണതയിലെത്തിയാല്‍, മൊബൈല്‍ കമ്മ്യൂണിക്കേഷന് ഭാവിയില്‍ മൊബൈല്‍ ടവറുകളുടെ ആവശ്യമുണ്ടാകില്ല.

2010 ലെ ഹെയ്തി ഭൂകമ്പത്തില്‍ ടവറുകള്‍ തകരുകയും മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ താറുമാറാകുകയും ചെയ്ത സാഹചര്യത്തിലാണ്, ഒരു ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആലോചന ഗവേഷകര്‍ക്കുണ്ടായത്.

ടവറുകള്‍ പോലെ അടിസ്ഥാന സൗകര്യങ്ങള്‍ (ഇന്‍ഫ്രാസ്ട്രക്ച്വര്‍) ആശ്രയിച്ചുള്ള മൊബൈല്‍ കമ്മ്യൂണിക്കേഷന് സ്ഥായിയായി പിടിച്ചുനില്‍ക്കാനാകില്ലെന്ന് ആ ഭൂകമ്പം തെളിയിച്ചതായി, പുതിയ സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന പോള്‍ ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ പറഞ്ഞു.

'ടവറുകള്‍ തകരുന്നതോടെ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗ ശൂന്യമായ വെറും പ്ലാസ്റ്റിക്ക് കട്ടകളായി പരിണമിക്കുന്നു'-അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഫ്‌ലിന്‍ഡ് സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.

വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സംവിധാനത്തിനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ടവറുകളുടെ സഹായമില്ലാതെ, വെര്‍ച്വല്‍ ശൃംഖല വഴി മൊബൈല്‍ ഫോണുകള്‍ക്ക് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സങ്കേതം.

സെര്‍വല്‍ പ്രോജക്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്. പദ്ധതിക്കായി ഷട്ടില്‍വര്‍ത്ത് ഫൗണ്ടേഷന്റെ നാലു ലക്ഷം ഡോളര്‍ ഫെലോഷിപ്പാണ് ഗാര്‍ഡ്‌നര്‍-സ്റ്റീഫന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സെര്‍വല്‍ പ്രോജക്ട് സോഫ്ട്‌വേര്‍ 12 മാസത്തിനുള്ളില്‍ പൊതുജനത്തിന് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

സെര്‍വല്‍ പ്രോജക്ട് സോഫ്ട്‌വേര്‍ ഒരു ഓപ്പണ്‍സോഴ്‌സ് സോഫ്ട്‌വേറാണ്. അത് വികസിപ്പിക്കാന്‍ 'ലോകപങ്കാളിത്തം' ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിവുള്ള ഡെവലപ്പര്‍മാര്‍ക്ക് സോഫ്ട്‌വേര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.

നിര്‍മിക്കപ്പെടുന്ന ഓരോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും അഞ്ചുവര്‍ഷത്തിനകം തങ്ങളുടെ സങ്കേതം സ്ഥാനംപിടിക്കുമെന്ന് ഗാര്‍ഡ്‌നര്‍-സ്റ്റീഫന്‍ പ്രതീക്ഷിക്കുന്നു. 
(courtesy:mathrubhumi.com)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!