ശനിയാഴ്‌ച, ഒക്‌ടോബർ 01, 2011

വൈദ്യുതി നിരക്ക് വര്‍ധന ഒക്ടോബര്‍ മുതല്‍ !!!

മാസം 120 യൂനിറ്റ് വരെ സര്‍ചാര്‍ജില്ല. തിരുവനന്തപുരം: പ്രതിമാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 54 കോടി രൂപ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
യൂനിറ്റിന് 25 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനുളള റെഗുലേറ്ററി കമീഷന്‍െറ വിധി ഈ ഇളവോടെ ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാറിന്‍െറ തീരുമാനം റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചാലേ പ്രാബല്യത്തില്‍ വരൂ. ഇത് വരെ റെഗുലേറ്ററി കമീഷന് അറിയിപ്പ് ലഭിച്ചിട്ടില്ല. ബസ്ചാര്‍ജ്, പാല്‍, പെട്രോള്‍ എന്നിവയുടെ വില വര്‍ധന കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന മറ്റൊരു ഷോക്കാകും.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 181.14 കോടി രൂപയാണ് ഇന്ധന സര്‍ചാര്‍ജായി കമീഷന്‍ അനുവദിച്ചത്. ആഗസ്റ്റ് ഒന്നു മുതല്‍ ആറ് മാസത്തേക്ക് യൂനിറ്റിന് 25 പൈസ വീതം എല്ലാ ഉപഭോക്താക്കളില്‍ നിന്നും പിരിക്കാനായിരുന്നു നിര്‍ദേശം. മാസം 20 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്ന പാവപ്പെട്ടവരെ കമീഷന്‍ ഇന്ധന സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കിയിരുന്നു. ബാക്കി എല്ലാവരില്‍ നിന്നും സര്‍ചാര്‍ജ് ഒരേ നിരക്കില്‍ ഈടാക്കാനാണ് കമീഷന്‍ തീരുമാനിച്ചത്. എന്നാല്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഇതില്‍ ഇടപെടുകയും തീരുമാനം എടുക്കുന്നതുവരെ സര്‍ചാര്‍ജ് പിരിക്കുന്നത് നീട്ടിവെക്കാനും നിര്‍ദേശിച്ചു. ബോര്‍ഡിന്‍െറ അഭ്യര്‍ഥന പ്രകാരം രണ്ട് തവണ കമീഷന്‍ സമയം നീട്ടിനല്‍കി. ഒക്ടോബര്‍ ഒന്നുമുതല്‍ സര്‍ചാര്‍ജ് ഇടാക്കാനാണ് ഒടുവില്‍ കമീഷന്‍ ഉത്തരവ് നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിമാസം 120 യൂനിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!