വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ടൈപ്പ് റൈറ്ററുകള്‍ക്ക് പുനര്‍ജന്‍മം !!

പഴയകാല ഓഫീസുകളുടെ താളമായിരുന്നു ടൈപ്പ് റൈറ്ററുകള്‍. ടൈപ്പ് പഠിക്കുക എന്നത് പഴയ തലമുറയുടെ ശീലമായിരുന്നു. ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സുവര്‍ണ്ണ കാലമായിരുന്നു അത്. അതൊക്കെ പഴയ തലമുറയുടെ ഗൃഹാതുരത്വം മാത്രമാണ് ഇപ്പോള്‍.

കമ്പ്യൂട്ടറുകളുടെ ആവിര്‍ഭാവത്തോടെ ടൈപ്പ്‌റൈറ്റര്‍ യുഗം ഏതാണ്ട് അസ്തമിച്ചു. ടൈപ്പ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മിക്കതും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പൂട്ടി. കാലത്തിനനുസരിച്ച് കോലം മാറാന്‍ വേണ്ടി പലതും കമ്പ്യൂട്ടര്‍ സെന്ററുകളായി മാറി. ഇങ്ങനെ ഉപയോഗശൂന്യമായി മാറിയ ടൈപ്പ്‌റൈറ്ററുകള്‍ പല ഓഫീസുകളുടെയും മൂലകളിലോ സ്റ്റോര്‍ റൂമുകളിലോ ഇപ്പോഴും കാണാം. ടൈപ്പ്‌റൈറ്ററിനെ ഇഷ്ടപ്പെടുന്ന ചിലര്‍ മാത്രം ഇന്ന് അപൂര്‍വ്വമായി അത് ഉപയോഗിക്കുന്നു.

ഇങ്ങനെ ഉപയോഗശൂന്യമായി കിടക്കുന്ന ടൈപ്പ് റെറ്റകള്‍ക്ക് പുനര്‍ജന്മം ലഭിക്കുമോ. അങ്ങനെ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നാണ് സാങ്കേതികരംഗത്തെ പുതിയ ചില മുന്നേറ്റങ്ങള്‍ നല്‍കുന്ന സൂചന. മൂലയില്‍ പൊടിയടിച്ചു കിടക്കുന്ന ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ എഴുതാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു ഡിസൈനര്‍. കീബോര്‍ഡിന് പകരം ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കാമെന്ന് സാരം.

കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ടൈപ്പ്‌റൈറ്റുകള്‍ ഉപയോഗിക്കുന്ന വിദ്യ, ഡിസൈനറായ ജാക്ക് സില്‍ക്കിനാണ് വികസിപ്പിച്ചത്. ഇങ്ങനെ ടൈപ്പ് റൈറ്ററില്‍ അടിക്കുന്ന അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുന്ന വിദ്യയ്ക്ക് ' യു.എസ്.ബി ടൈപ്പ്‌റൈറ്റര്‍ കണ്‍വെര്‍ഷന്‍' എന്നാണ് പറയുന്നത്. അതിനുള്ള കിറ്റാണ് സില്‍ക്കിന്‍ വികസിപ്പിച്ചത്.


'കാലഹരണപ്പെട്ടവയെ തിരിച്ചുകൊണ്ടുവരാനുള്ള കണ്ടുപിടിത്ത'മാണ് ഇതെന്നാണ് സില്‍ക്കിന്‍ ഇതിനെ വിശേഷിപ്പിച്ചത്. അനാവശ്യമായ വയറുകളുടെയൊന്നും ഉപയോഗമില്ലാതെ തന്നെ യുഎസ്ബി വഴി വളരെ അനായാസം ഇവയെ ഘടിപ്പിക്കാന്‍ പറ്റുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സാധാരണ ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ഇല്ലെങ്കെിലും ടൈപ്പിങ് ഈസിയല്ലാത്ത ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, നെറ്റ്ബുക്ക് തുടങ്ങിവയ്‌ക്കൊക്കെ ഇതിന്റെ സേവനം തേടാവുന്നതാണ്. യുഎസ്ബി സൗകര്യമുള്ള കമ്പ്യൂട്ടറുകളിലേ തത്കാലം ഇത് ഉപയോഗിക്കാന്‍ കഴിയൂ.

അധികമായി ഒരു കീബോര്‍ഡ് വാങ്ങി ടാബ്‌ലറ്റുകളിലും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പഴയ ടൈപ്പ്‌റൈറ്ററുകള്‍ പൊടിതട്ടിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. പോരാത്തതിന് പഴമയുടെ ഗാംഭീര്യവും.
സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഈ കിറ്റ് വാങ്ങാനുള്ള ആഗ്രഹം നടപ്പില്ല. കാരണം വെറും കിറ്റിന് മാത്രമായുള്ള വില 74 ഡോളറാണ്. ഇനി ടൈപ്പ് റൈറ്ററും കൂടി വേണമെന്നുള്ളവര്‍ മോഡലുള്‍ക്കനുസരിച്ച് 699 ഡോളര്‍ മുതല്‍ 899 ഡോളര്‍ വരെ നല്‍കണം.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!