വെള്ളിയാഴ്‌ച, നവംബർ 11, 2011

സൗമ്യവധക്കേസ്: പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ !,

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചു. കൂടാതെ ഗോവിന്ദച്ചാമിയില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു ശിക്ഷ വിധിച്ചത്.  കഴിഞ്ഞ ഒക്ടോബര്‍ 31ന് ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് കോടതി ഈ കേസിനെ വിലയിരുത്തിയത്. പൈശാചികവും സമൂഹമനസാക്ഷിയെ ഞെട്ടിച്ചതുമായ കേസാകയാല്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതി സ്ത്രീ സമൂഹത്തിന് ഭീഷണിയാണെന്നും, ഭാവിയില്‍ സ്ത്രീ സമൂഹത്തിന്റെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ശക്തമായി വാദിച്ചു.
ഐ.പി.സി 302, 376, 394, 397, 447 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ളത്. ഇതില്‍ കൊലപാതക കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. ഇതിനു പുറമേ ഐ.പി.സി 394, 397 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും, 376ാം വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം പിഴയും, 447 മൂന്ന് മാസം തടവും കോടതി വിധിച്ചു. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയേ വധശിക്ഷ നടപ്പാക്കാവൂവെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യയെ മരണത്തിന് കാരണമമാകുംവിധം ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ചു കൊന്നുവെന്നാണ് കേസ്. സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 154 സാക്ഷികളും,101 രേഖകളും, 43 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു. താന്‍ വികലാംഗനാണെന്നും, തനിക്ക് ചെറിയ ശിക്ഷ നല്‍കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. തനിക്ക് ആരുമില്ല, താന്‍ അനാഥനാണ്. തന്നെ ശിക്ഷിക്കുകയാണെങ്കില്‍ കേരളത്തിനും തമിഴ്‌നാട്ടിനും പുറത്തുള്ള ഏതെങ്കിലും ജയിലിലേക്കും മാറ്റണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ന്നാല്‍ ഇക്കാര്യങ്ങളും കോടതി പരിഗണിച്ചില്ല.
 
തൃശ്ശൂര്‍: തന്റെ മകളുടെ ജീവിതം ഇല്ലാതാക്കിയവന് വധശിക്ഷ തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. സൗമ്യ വധക്കേസിലെ വിധി കേട്ടതിനുശേഷം കോടതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 
മാധ്യമങ്ങള്‍ക്കുമുമ്പില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുമതി സംസാരിച്ചത്. 'എനിക്ക് നഷ്ടപ്പെട്ടത് എന്റെ മകളെയാണ്' അയാള്‍ക്ക് ലഭിച്ച വിധി എനിക്ക് ആശ്വാസമാവില്ല'.  വിധി അനുകൂലമായതില്‍  സന്തോഷമുണ്ട്,, 'അയാള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു., നഷ്ടപ്പെട്ടത് എനിക്കും എന്റെ അമ്മക്കും മാത്രമാണ്, എന്റെ പെങ്ങള്‍ക്ക് സംഭവിച്ചത്  ഇനിയാര്‍ക്കും സംഭവിക്കരുതെന്ന് സൗമ്യയുടെ സഹോദരനും പറഞ്ഞു. ഞങ്ങളെ സഹായിച്ച നാട്ടുകാര്‍, പോലീസുകാര്‍, വക്കീല്‍മാര്‍ എന്നിവരോട് വളരെയധികം നന്ദിയുണ്ടെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
(courtesy:www.gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!