വ്യാഴാഴ്‌ച, നവംബർ 24, 2011

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സാധാരണക്കാരന് അന്യമാകുന്നു !!

കൊല്ലം:     സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്  പദ്ധതി  സാധാരണക്കാരന് അന്യമാകുന്നു.    ഗ്രാമ-നഗരവ്യത്യാസമെന്യേ സ്വകാര്യ ആശുപത്രികള്‍ നഷ്ടക്കണക്കുകള്‍ നിരത്തി പദ്ധതിയോട് പുറംതിരിയാന്‍ തുടങ്ങിയതാണ് പദ്ധതിയുടെ ദുരവസ്ഥക്ക് കാരണം.  
ഒരു ദിവസത്തെ കിടത്തി ചികിത്സക്ക് 500 രൂപയാണ് കാര്‍ഡില്‍ നിന്ന് ആശുപത്രിക്ക് ലഭിക്കുക.ഐ.സി.യുവിലാണെങ്കില്‍ 1000 .   പദ്ധതിയില്‍ ചേര്‍ന്നാല്‍  നഷ്ടം സഹിച്ച് രോഗിയെ ചികിത്സിക്കേണ്ടി വരുമെന്നതാണ്  മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍ അടക്കമുള്ളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ആര്‍.എസ്.ബി.വൈ (രാഷ്ട്രീയ് സ്വാസ്ഥ്യ ബീമ യോജന)യുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാറാണ് സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്.‘ചിയാക്’(കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള ) വഴിയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ആര്‍.എസ്.ബി.വൈ വഴിയുള്ള 30000രൂപയും സംസ്ഥാന സര്‍ക്കാറിന്‍െറ 70000 രൂപയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ  ഇന്‍ഷുറന്‍സ് പരിരക്ഷ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ലഭിക്കും. ഇതില്‍ വൃക്കരോഗം, കരള്‍രോഗം, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാറിന്‍െറ 70000 രൂപ ലഭിക്കൂ.സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത  സ്വകാര്യ ആശുപത്രികളിലും ആരോഗ്യകാര്‍ഡിന്‍െറ സേവനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. പ്രത്യേക  കാര്‍ഡുകളും ഓരോ കുടുംബത്തിനും നല്‍കിയിരുന്നു.ആശുപത്രികളെ സമീപിക്കുന്ന സാഹചര്യത്തില്‍ കാശിന് പകരം ഈ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും കാര്‍ഡില്‍ വകയിരുത്തിയിട്ടുള്ള 30000 രൂപയില്‍ നിന്ന് ചികിത്സാചെലവ് ആശുപത്രിയുടെ അക്കൗണ്ടിലേക്ക് മാറുന്ന രീതിയിലുമാണ് പദ്ധതിയുടെ ക്രമീകരണം.  പ്രമുഖരായ സ്വകാര്യ ആശുപത്രികള്‍  സംരംഭത്തില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയതോടെയാണ്  പദ്ധതി പാളം തെറ്റാന്‍ തുടങ്ങിയത്.  സര്‍ക്കാര്‍ ആശുപത്രികളിലെ  പരിമിത  സംവിധാനങ്ങള്‍ മാത്രമാണ് ഇവര്‍ക്കിന്ന് ആശ്രയം. പേരിന് ചില സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. മുമ്പ് കാശ് വാങ്ങാതെയായിരുന്നു സര്‍ക്കാര്‍ ആശുപത്രികള്‍ സേവനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍   ഇന്‍ഷുറന്‍സ് വഴി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കാശ് കിട്ടുമെന്നത് മാത്രമാണ് വ്യത്യാസം.ചെറിയ അസുഖങ്ങളുമായി എത്തുന്നവരെ കൂടുതല്‍ ദിവസങ്ങളില്‍ കിടത്തി ചികിത്സിക്കുന്നതായും ആക്ഷേപമുണ്ട്.   ആവശ്യമില്ലാതെ ഇങ്ങനെ ചികിത്സിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത സംസ്ഥാനത്തെ ചില ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തതായും സൂചനയുണ്ട്. ദിവസം 500 രൂപ മാത്രമേ കിട്ടുകയുള്ളൂവെന്നതുകൊണ്ട് ഗുണനിലവാരം കുറഞ്ഞ മരുന്നുകളാണ് ചില സര്‍ക്കാറാശുപത്രികള്‍ നല്‍കുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.ശസ്ത്രക്രിയകള്‍ക്ക് ചില സ്വകാര്യ ആശുപത്രികള്‍ ശസ്ത്രക്രിയാവിവരം രേഖപ്പെടുത്തുമ്പോഴും  കൃത്രിമം നടത്തുന്നതായി പറയപ്പെടുന്നുണ്ട്.    നഷ്ടം സഹിച്ചും പദ്ധതി നിഷ്കര്‍ഷിക്കുന്ന രൂപത്തില്‍ സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യആശുപത്രികളും ഉണ്ട്.
 
 
 
(courtesy:madhyamam.com)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!