ചൊവ്വാഴ്ച, ഡിസംബർ 27, 2011

പുതിയ അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി !!

കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി. തിരുവനന്തപുരത്തു വെച്ച് ജനവരി അവസാനത്തോടെ നടക്കുന്ന അന്തര്‍ദേശീയ ദുരന്ത നിവാരണ സെമിനാര്‍ പൂര്‍ത്തിയാകുന്നതോടെ അത് സാധ്യമാക്കാനാണ് തീരുമാനം.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധരായ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരെയും എന്‍ജിനീയര്‍മാരെയും മറ്റ് അനുബന്ധ വിഷയങ്ങളിലെ വിദഗ്ദ്ധരെയും സെമിനാറില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നുള്ളത് സര്‍ക്കാരിന്റെ നയമാണെങ്കിലും അതിന്റെ കൂടിയാലോചനകള്‍ ഇതുവരെ മുന്നോട്ടുപോയിട്ടില്ല.


ഈയിടെ ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിയും മറ്റും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പുതിയ അണക്കെട്ട് വേണമെന്ന് ഉന്നയിച്ചിരുന്നു. അണക്കെട്ട് നിര്‍മിക്കുന്നതിന് സുപ്രധാനമായ കടമ്പ കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍േറതാണ്. അതോടൊപ്പംതന്നെ ഭൂഗര്‍ഭ സര്‍വേകളും പൂര്‍ത്തിയാക്കണം. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ ഇത് വേഗത്തിലാക്കാന്‍ കഴിയൂ. പരിസ്ഥിതി അനുമതി കിട്ടാന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ വിശദ സര്‍വേയും ആവശ്യമാണ്. അത്ര എളുപ്പത്തില്‍ ഇവ രണ്ടും നേടിയെടുക്കുക സാധ്യമായെന്നുവരില്ല.


ഇടുക്കി ജില്ലയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി നടന്നിട്ടുള്ള ചെറിയ തോതിലുള്ള ഭൂചലനങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുതിയ അണക്കെട്ടിന്റെ നിര്‍ദേശത്തോടൊപ്പം വിലയിരുത്തേണ്ടി വരും. കൊല്‍ക്കത്തയിലെ പ്രമുഖ ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ ഡോ. കയാലിന്റെ സേവനം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി-ഭൂഗര്‍ഭശാസ്ത്ര വകുപ്പിന്റെ സമീപനം അനുകൂലമാണെങ്കില്‍ മാത്രമേ പുതിയ അണക്കെട്ടിന്റെ രൂപരേഖയുമായി സര്‍ക്കാരിന് നീങ്ങാന്‍ കഴിയൂ.


സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ വെച്ച് സംസ്ഥാന ഉദ്യോഗസ്ഥരോട് വിവേചനപരമായി പെരുമാറി എന്ന ആരോപണം ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ പലപ്പോഴും സംസ്ഥാന സര്‍ക്കാരിനോട് വിവേചനപരമായി പെരുമാറിയിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സാലുമായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതാണെങ്കിലും ഉദ്യോഗസ്ഥരുടെ സമീപനം നേരെ മറിച്ചായതില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് കനത്ത അമര്‍ഷമുണ്ട്. ഇക്കാര്യം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും സംസ്ഥാനം അറിയിക്കുന്നതാണ്.
(courtesy;mathrubhumi.com) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!