തിങ്കളാഴ്‌ച, ഡിസംബർ 26, 2011

മൊബൈല്‍ ഫോണുകളില്‍ ഇനി റേഡിയേഷന്‍ ടാഗുകള്‍ !!

ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകള്‍ക്ക് റേഡിയേഷന്‍ തോത് രേഖപ്പെടുത്തുന്ന 'ടാഗുകള്‍' വൈകാതെ നിര്‍ബന്ധമാക്കും.  ഇതുസംബന്ധിച്ച നിയമം ഉടന്‍ നിലവില്‍വരും. രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന  90 കോടി ജനങ്ങള്‍ക്ക് പുതിയ നിബന്ധന ആശ്വാസമാകും. മൊബൈല്‍ ഫോണുകളിലെ ആരോഗ്യത്തിന് ഹാനികരമാകുന്ന റേഡിയേഷന്‍ കുറക്കുന്നതിനായി നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമാണിത്.   സെറ്റ് ചെവിയില്‍വെച്ച് സംഭാഷണം കേള്‍ക്കുന്നതിനു പകരം ഹെഡ്‌സെറ്റ് ഉപയോഗിച്ചോ ഫോണിന്റെ ശബ്ദം കൂട്ടിയോ ബ്ലൂടുത്ത് ഉപയോഗിച്ച് വയറില്ലാതെ കേള്‍ക്കാന്‍ പറ്റുന്ന സംവിധാനം ഉപയോഗിച്ചോ ഫോണും ശരീരഭാഗവും തമ്മിലുള്ള അടുപ്പം പരമാവധി കുറക്കാനാണ് നിര്‍ദേശം.
ദീര്‍ഘ സംഭാഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതോടൊപ്പം എസ്.എം.എസ് മാര്‍ഗത്തിലൂടെ വിവരങ്ങള്‍ കൈമാറുന്നതിന് പ്രാധാന്യം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. കുട്ടികള്‍, ഇളംപ്രായക്കാര്‍, ഗര്‍ഭിണികള്‍, ശരീരത്തിനകത്തോ പുറത്തോ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ മുന്നറിയിപ്പു നല്‍കണം.
മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ (ഇലക്‌ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി) റേഡിയേഷനെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരല്ല. മൊബൈല്‍ സംഭാഷണ വിനിമയം സാധ്യമാകുന്നത് റേഡിയോ തരംഗങ്ങള്‍ വഴിയാണ്.
ഈ റേഡിയോ തരംഗങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിന്റെ നിരക്കിനെയാണ് നിശ്ചിത ആഗിരണ നിരക്ക് ( സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് ) എന്നു പറയുന്നത്. ഈ നിരക്കിലെ വര്‍ധന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിലവില്‍ ഇന്ത്യ അംഗീകരിച്ച നിരക്ക് 2 വാട്ട്‌സ്/കി.ഗ്രാം ആണ്. അന്താരാഷ്ട്ര കമീഷന്‍ ഓണ്‍ നോണ്‍ അയണൈസിങ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അംഗീകരിച്ച തോതാണിത്. കേന്ദ്ര മന്ത്രിസഭ സമിതി ഈ തോത് 1.6 വാട്‌സ്/ കി.ഗ്രാം  ആയി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ സെറ്റുകളിലും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഭാവിയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുമ്പോള്‍ 'ബിസ്' നിലവാരം രേഖപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങള്‍ കേള്‍ക്കാനാകുന്ന ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കും. റേഡിയേഷന്‍ നിരക്ക് ഹാന്‍ഡ്‌സെറ്റ് വാങ്ങുമ്പോള്‍തന്നെ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ഇതിനായി 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതായി ടെലികോം വകുപ്പ് സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!