ശനിയാഴ്‌ച, ഡിസംബർ 10, 2011

ഡിഗ്രി പഠനം പാതിവഴിയില്‍ നിര്‍ത്തിയവര്‍ക്കും കാലിക്കറ്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും !!

തേഞ്ഞിപ്പലം: ഡിഗ്രി പഠനം പാതിവഴിയില്‍ നിര്‍ത്തിയ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിച്ച കാലയളവ് കണക്കാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗള്‍ഫിലെ പഠനകേന്ദ്രങ്ങളിലുള്ളവര്‍ക്ക് മാത്രമായാണ് ഈ പരിഷ്കാരം.വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഏറെ വിവാദമുണ്ടാക്കുന്ന തീരുമാനമെടുത്തത്. ഇതനുസരിച്ച് ഡിഗ്രി കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്  ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കും.
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രിയും നല്‍കും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അക്കാദമിക് കൗണ്‍സിലിന് വിട്ടു. അക്കാദമിക് രംഗത്ത് വിവാദങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്. ഗള്‍ഫിലുള്ളവര്‍ക്ക് മാത്രമായി സര്‍വകലാശാലക്ക് ഒരു അക്കാദമിക് തീരുമാനമെടുക്കാനാവില്ല.
ഏതു കോഴ്സിന് ചേരുന്നവര്‍ക്കും പൂര്‍ത്തിയായാല്‍ മാത്രം നല്‍കുന്നതാണ് സര്‍ട്ടിഫിക്കറ്റ്. സംസ്ഥാനത്തുള്ള വിദൂരവിദ്യാഭ്യാസ വിഭാഗം വഴിയുള്ള വിദ്യാര്‍ഥികളും ഈ ആവശ്യം ഉന്നയിച്ചാല്‍ നടപ്പാക്കേണ്ടിവരുമെന്ന് അക്കാദമിക് രംഗത്തുള്ളവര്‍ പറയുന്നു.സിന്‍ഡിക്കേറ്റില്‍ ചര്‍ച്ചചെയ്യാതെയാണ് തീരുമാനമെന്നാണ് വിവരം. ഗള്‍ഫ് കേന്ദ്രത്തിലുള്ളവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാലിക്കറ്റില്‍ പ്രത്യേക സെല്ലും തുടങ്ങും. ഗള്‍ഫ് കേന്ദ്രങ്ങളിലെ ഫീസ് വര്‍ധന ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാനും യോഗം തീരുമാനിച്ചു. വി.സിയും സിന്‍ഡിക്കേറ്റംഗവും കഴിഞ്ഞയാഴ്ച ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!