ബുധനാഴ്‌ച, ഡിസംബർ 14, 2011

നായര്‍ സമുദായത്തെ അവഹേളിച്ച ബ്ലോഗര്‍ അറസ്റ്റില്‍ !!!

തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമയെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

വിചിത്രകേരളം എന്ന ബ്ലോഗിന്റെ ഉടമയായ ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍ കെ.വിയാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് ഒട്ടേറെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശംഖുവരയന്‍ എന്നാണ് ബ്ലോഗില്‍ പ്രൊഫൈല്‍ പേര് നല്‍കിയിരിക്കുന്നത്.

നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്.

ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടി തുറന്നു എഴുതുകയാണ് ഇവിടെ.ചിലത് അതിഭയങ്കരം ആയേക്കാം.അതിയായ താല്പര്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതി. ഈ മുന്നറിയിപ്പ് അവഗണിച്ചു വായിക്കുന്നവര്‍ക്ക് ചിത്തഭ്രമം ബാധിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും അതിനു മറുപടി പറയാനും എനിക്ക് താല്പര്യമില്ല.അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല- വാണിങ് എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്ലോഗില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ഏപ്രില്‍ മാസത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഡിജിപി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്‌റ്റേഷന് കൈമാറുകയും ചെയ്തു.

സൈബര്‍ പൊലീസ് ഗൂഗിളിന്റെ അധികൃതരുമായി ബന്ധപ്പെട്ടു കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തിയാണു പ്രതിയെ കുടുക്കിയത്. ജോര്‍ജ് ജോസ്ഫ് എന്ന വ്യാജ പേരുപയോഗിച്ചാണു ബ്ലോഗ് നിര്‍മിച്ചത്.

വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐപിസി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ഇന്‍ര്‍നെറ്റ് മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ ഫോറന്‍സിക്
ലാബിലേക്ക് അയച്ചു
(courtesy:http://malayalam.oneindia.in/news/kerala/)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!