വ്യാഴാഴ്‌ച, ജനുവരി 05, 2012

പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ -പുനരധിവാസ പദ്ധതി !!

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തുന്നതിനും പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് (പിഎല്‍ഐഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്കു സമാനമായി കേന്ദ്ര സര്‍ക്കാരും പ്രത്യേക വിഹിതം നിക്ഷേപിച്ചാണ് പദ്ധതി നടപ്പാക്കുക. 50 ലക്ഷം വിദേശ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പിഎല്‍ഐഎഫ് എന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.  ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങി വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പദ്ധതി പ്രവാസി ഇന്ത്യക്കാര്‍ക്കു യുപിഎ സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എമിഗ്രേഷന്‍ ആവശ്യമായ രാജ്യങ്ങളിലെ തൊഴിലാകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 20 ശതമാനം വരുന്ന സ്ത്രീകള്‍ക്കായി പ്രത്യേക ഊന്നലും നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിവര്‍ഷം 1000 മുതല്‍ 12,000 രൂപവരെ കുറഞ്ഞത് അഞ്ചു വര്‍ഷക്കാലം തൊഴിലാളികള്‍ പണമടയ്ക്കണം. അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാര്‍ പ്രതിവര്‍ഷം പുരുഷന്‍മാരുടെ പേരില്‍ 1000 രൂപ വീതവും സ്ത്രീകള്‍ക്ക് 2000 രൂപ വീതവും നിക്ഷേപിക്കും. അഞ്ചു വര്‍ഷത്തേക്കോ അതിനു മുമ്പ് തൊഴിലാളി ഇന്ത്യയിലേക്കു മടങ്ങിയാല്‍ അതുവരെയോ ആണ് ലൈഫ് ഇന്‍ഷുറന്‍സ്. മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി കുടുംബത്തിനു ലഭിക്കുക. പ്രതിവര്‍ഷം 4000 രൂപയാണ് തൊഴിലാളികള്‍ പുനരധിവാസ പദ്ധതിക്കായി നല്‍കേണ്ടത്. ഈ പദ്ധതിയിലും സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 രൂപ വീതം നിക്ഷേപിക്കും.

വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരെ ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും സാമുഹിക സുരക്ഷാ പദ്ധതികളിലോ, പെന്‍ഷന്‍ പദ്ധയിലോ ഉള്‍പ്പെടുത്തിയിരുന്നില്ല. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു ഏകീകൃത പിഎല്‍ഐഎഫ് നമ്പര്‍ നല്‍കുകയും ബാങ്ക് അക്കൗണ്ടു തുറക്കുകയും ചെയ്യും. താല്‍പര്യമുള്ളവര്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയാകും. വിദേശത്തു നിന്നു തിരിച്ചെത്തിയാലും അതേ ബാങ്ക് അക്കൗണ്ട് വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് ഫണ്ട് റെഗുലേറ്ററി അതോറിറ്റികളും സെബിയും വഴിയാകും പദ്ധതി നടപ്പാക്കുക
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!