ബുധനാഴ്‌ച, ജനുവരി 04, 2012

ഇ-ഷോപ്പിഗ്‌: തിരിച്ചറിയേണ്ട ഏഴു ചതിക്കുഴികള്‍ !!

തിരക്കേറിയ റോഡില്‍ മണിക്കൂറുകളോളം ട്രാഫിക്‌ ബ്ലോക്കില്‍ പെട്ട്‌ ഒടുവില്‍ രണ്ടു കൈ നിറയേ പ്ലാസ്‌റ്റിക്‌ ബാഗുകളുമായി വീട്ടിലേക്ക്‌ അവശരായി വരുന്നവരെ ഏറെ സന്തോഷിച്ച വാര്‍ത്തയായിരുന്നു ഇന്റര്‍നെറ്റ്‌ ഷോപ്പിംഗ്‌ അഥവാ ഇ-ഷോപ്പി. വീട്ടിലിരുന്ന്‌ വാങ്ങേണ്ട സാധനങ്ങള്‍ സിലക്‌ട് ചെയ്‌താല്‍ മാത്രം മതി. സാധനങ്ങള്‍ കൃത്യമായി വീട്ടിലെത്തും. വിദേശരാജ്യങ്ങളില്‍ ഇത്‌ ഉപയോക്‌താക്കള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്‌തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെയാണ്‌ ഇ-ഷോപ്പി വ്യാപകമായത്‌. ഇ-ഷോപ്പിയില്‍ ഒട്ടേറെ കുരുക്കുകളും ചതിക്കുഴികളുമുണ്ട്‌. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

കണ്ണുമടച്ച്‌ വിശ്വസിക്കാതിരിക്കുക

നിങ്ങള്‍ ഒരു തവണ പരീക്ഷിച്ചുവിജയിച്ചു എന്നു കരുതി ആ വെബ്‌ സൈറ്റിനെ കണ്ണുമടച്ച്‌ വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ വ്യക്‌തിപരമായ വിവരങ്ങള്‍ നല്‍കുമ്പോള്‍ അത്‌ ദുരുപയോഗം ചെയ്യുന്നില്ല എന്ന്‌ ഉറപ്പുവരുത്തുക. അലസമായി ഇ-ഷോപ്പി നടത്തിയാല്‍ സ്വന്തം കീശ ചോരുമെന്നു ചുരുക്കം.

ഡിസ്‌കൗണ്ട്‌ തട്ടിപ്പ്‌

40 മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടു തരാമെന്നു പറയുന്ന സൈറ്റുകളെ സാധാരണഗതിയില്‍ വിശ്വസിക്കരുത്‌. ഒരേ സാധനത്തിന്‌ മറ്റു സൈറ്റുകളില്‍ എന്താണ്‌ വില എന്നു പരിശോധിക്കണം. 25 ശതമാനത്തിനു താഴെയായിരിക്കും മിക്ക പ്രധാനപ്പെട്ട സൈറ്റുകളിലും നല്‍കുന്ന ഇളവ്‌.

പണം നേരിട്ടുവാങ്ങല്‍

സാധാരണസൈറ്റുകള്‍ ആവശ്യപ്പെടുന്ന പ്രകാരമല്ലാതെ പണം നേരിട്ടു തരണം എന്നു പറയുന്നവരെ സൂക്ഷിക്കുക. കാഷ്‌ ഓണ്‍ ഡെലിവറി എന്ന മാര്‍ഗം ഉപയോഗിക്കാവുന്നതാണ്‌. ക്രഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങളും ഇടയ്‌ക്കിടെ പരിശോധിക്കണം.

സുരക്ഷിതമല്ലാത്ത കണക്ഷന്‍

പൊതു ഉപയോഗത്തിലുള്ള വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ ഇ-ഷോപ്പി നടത്തുന്നത്‌ സുരക്ഷിതമല്ല. ഹാക്കര്‍മാര്‍ നിങ്ങളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്ന്‌ മനസിലാക്കണം.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌

നിങ്ങളുടെ കൂട്ടുകാര്‍ ഷെയര്‍ ചെയ്‌തെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ലിങ്കുകളില്‍ (പരസ്യങ്ങളില്‍) ക്ലിക്കു ചെയ്യാതിരിക്കുക. വമ്പിച്ച ഇളവുകള്‍ നല്‍കുന്ന പരസ്യങ്ങള്‍ നിങ്ങളെ വലയിലാക്കും.

ഇ-മെയില്‍

ഇ-മെയില്‍ വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതും പണം നഷ്‌ടപ്പെട്ടതുമായ സംഭവങ്ങള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴും ഇതൊക്കെ നിര്‍ബാധം തുടരുന്നു എന്ന യാഥാര്‍ഥ്യം മനസിലാക്കുക.

പാസ്‌വേഡ്‌ അപ്‌ഡേറ്റ്‌

നിങ്ങള്‍ ഉപയോഗിക്കുന്ന സൈറ്റുകളില്‍ നിന്ന്‌ പാസ്‌വേഡ്‌ പുതുക്കാനുള്ള ഫോണ്‍കോളുകള്‍ വരികയാണ്‌ മറ്റൊരു തട്ടിപ്പ്‌. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

സൗകര്യങ്ങള്‍

ക്രഡിറ്റ്‌ കാര്‍ഡ്‌, മൊബൈല്‍ ബാങ്കിംഗ്‌, കാഷ്‌ ഓണ്‍ ഡെലിവറി, ചെക്ക്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇ- മണി, മണിഓര്‍ഡര്‍ തുടങ്ങി പലതരത്തിലും പണം കൈമാറുന്ന സമ്പ്രദായമുണ്ട്‌. ഓണ്‍ലൈന്‍ ഷോപ്പുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്‌ എന്നതാണ്‌ ഒരു സൗകര്യം. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ പൊതുവിപണിയെക്കാള്‍ റേറ്റ്‌ കുറവുമായിരിക്കും. ഇ-ഷോപ്പി രംഗത്ത്‌ 16 വര്‍ഷമായി നിലവിലുള്ള ആമസോണും ഇ-ബേയും ഇതിനകം തന്നെ ഉപഭോക്‌താക്കള്‍ക്കിടയില്‍ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു സാരം.

(courtesy:mangalam.com - പി.എസ്‌ അജിത്‌കുമാര്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!