തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ തുടങ്ങി

 തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമായി. സ്റ്റേഷന്‍െറ പ്രധാനകവാടത്തിന് മുന്നില്‍ ആരംഭിച്ച ഓട്ടോ കൗണ്ടര്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് പി.എ. പുരുഷോത്തമന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡി. അനന്തസുബ്രഹ്മണ്യം, ഭാരവാഹികളായ പി. കൃഷ്ണകുമാര്‍, എം. ഗിരീശന്‍, പ്രകാശന്‍, റേഞ്ച് ഐ.ജി എസ്. ഗോപിനാഥ്, സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന്‍, അസി.കമീഷണര്‍മാരായ ടി.കെ. തോമസ്, ഷാഹുല്‍ഹമീദ്, രാധാകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്.ഐ വി. ബാബുരാജന്‍, റെയില്‍വേ സ്റ്റേഷന്‍ ഡെപ്യൂട്ടി മാനേജര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് 13 ദിശകളിലേക്കുള്ള വിവിധ സ്റ്റോപ്പുകളിലേക്കുള്ള ദൂരവും ഓട്ടോ നിരക്കും അടങ്ങുന്ന റേറ്റ് ചാര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇവ സര്‍വീസ് നടത്തുക. യാത്രക്കാര്‍ പോകേണ്ട സ്ഥലം  ബൂത്തില്‍ പറഞ്ഞാല്‍ ഓട്ടോനമ്പറും ലക്ഷ്യസ്ഥാനവും യാത്രാനിരക്കും ദിവസവും സമയവും രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ ബില്‍ തരും. യാത്രാകൂലിക്ക് പുറമെ ഒരു രൂപ സര്‍വീസ് ചാര്‍ജും ഈടാക്കും. ഇതില്‍ 50 പൈസ വീതം റെയില്‍വേക്കും ട്രാഫിക് പൊലീസിനും ഉള്ളതാണ്. വനിതകള്‍ ഉള്‍പ്പെടെ നാല് പൊലീസുകാരുടെ സേവനമാണ് കൗണ്ടറില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊലീസും ഓട്ടോക്കാരും യാത്രക്കാരുടെ സംഘടനാ പ്രതിനിധികളും മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരും മറ്റും പലതവണ പല റൂട്ടുകളിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്താണ് നിരക്ക് തീരുമാനിച്ചത്. തുടര്‍ന്ന് ഇവര്‍ പലവട്ടം ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുത്തതോടെ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം യാഥാര്‍ഥ്യമായി. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങള്‍ക്കൊപ്പം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രീ പെയ്ഡ് ഓട്ടോ സംവിധാനമായി.
മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യാത്രക്കാരെ കാത്ത് നിര്‍ത്തിയിടുന്ന ഓട്ടോകളില്‍നിന്ന് പ്രതിവര്‍ഷം 1,500 രൂപ ലൈസന്‍സ് ഫീസായി റെയില്‍വേ ഈടാക്കിയിരുന്നു. അടുത്തകാലത്ത് ഇത് 3,000 രൂപയായി വര്‍ധിപ്പിച്ചു. ഇത്രയും വലിയ സര്‍വീസ് ചാര്‍ജ് കൊടുത്ത് പ്രീ-പെയ്ഡ് സംവിധാനത്തോട് സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഓട്ടോഡ്രൈവര്‍മാര്‍ സ്വീകരിച്ചത്. എം.പിയും മറ്റും  നിരന്തരം ചര്‍ച്ച നടത്തി ലൈസന്‍സ് ഫീസ് പിന്‍വലിച്ചതോടെ  ഓട്ടോക്കാര്‍ സഹകരിക്കാന്‍ തയാറായി.
ലൈസന്‍സ് ഫീസിന് പകരം സര്‍വീസ് ചാര്‍ജില്‍ ഒരു വിഹിതം മതിയെന്ന് റെയില്‍വേ സമ്മതിച്ചു. 24 മണിക്കൂറും സേവനം നല്‍കാന്‍ ഓട്ടോക്കാരും സന്നദ്ധരായി. റെയില്‍വേ സ്റ്റേഷനില്‍ ടാക്സി കാറുകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ ലൈസന്‍സ് ഫീസ് നിരക്ക് കുറച്ചിട്ടുണ്ട്. പ്രതിവര്‍ഷം 2,400 രൂപയായിരുന്ന നിരക്ക് 10,800 രൂപയായാണ് റെയില്‍വേ കൂട്ടിയത്. പി.സി. ചാക്കോ എം.പി റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് നിരക്ക് 3,400 രൂപയാക്കാന്‍ തീരുമാനിച്ചത്.റേറ്റ് ചാര്‍ട്ട് പുറത്തിറക്കിയെങ്കിലും അപാകതകള്‍ കടന്ന്കൂടിയിട്ടുണ്ട്. ഒരേ സ്ഥലത്തേക്ക് രണ്ട് വഴികളിലൂടെ പോകുമ്പോള്‍ രണ്ട് തരത്തില്‍ നിരക്ക് വാങ്ങുന്നതായാണ് ചാര്‍ട്ടില്‍ പറയുന്നത്. ഉദാഹരണത്തിന്; മെഡിക്കല്‍ കോളജ് റൂട്ടില്‍ തിരുവമ്പാടി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ 21 രൂപയാണെങ്കില്‍ കൊട്ടേക്കാട് റൂട്ടില്‍ 22 രൂപയാണ്. ഇതിന് പുറമെ സ്വരാജ് റൗണ്ടില്‍ ചില കേന്ദ്രങ്ങളിലേക്കുള്ള നിരക്കുകള്‍ ചാര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. നിര്‍ദിഷ്ട സ്റ്റോപ്പിന് അപ്പുറത്തേക്ക് പോകേണ്ടിവന്നാല്‍ തുടര്‍ന്ന് നല്‍കേണ്ട നിരക്ക്് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
അപാകതകള്‍ പരിഹരിച്ച് വ്യക്തതയുള്ള ചാര്‍ട്ട് ക്രമേണ ഏര്‍പ്പെടുത്തുമെന്ന് അസി.കമീഷണര്‍ ടി.കെ. തോമസ് പറഞ്ഞു.നഗരത്തിലെ ഹോട്ടല്‍ വ്യവസായികളാണ് പ്രീ-പെയ്ഡ് ഓട്ടോറിക്ഷയുടെ ടിക്കറ്റ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഈ ടിക്കറ്റുമായി പോകുന്നവര്‍ക്ക് അതില്‍ പറയുന്ന ഹോട്ടലില്‍ മുറി വാടകയില്‍ 10-15 ശതമാനം കുറവ് അനുവദിക്കും. പ്രീ-പെയ്ഡ് ഓട്ടോ സംവിധാനത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന പരാതികള്‍ അറിയിക്കാനുള്ള നമ്പറുകള്‍ ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഓട്ടോ ന്യൂസ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക !!


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!