തിങ്കളാഴ്‌ച, ജൂൺ 11, 2012

ഇനി ഇഷ്ടംപോലെ ഐ.പി. അഡ്രസ് !


2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6.

ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി (ഐ.എ.എന്‍.എ.) എന്നിവയുടെ കാര്‍മികത്വത്തിലാണ് ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ്‌സൈറ്റ് കമ്പനികളും ഐ.പി.വി.6ലേക്ക് കാലെടുത്തുവെക്കുന്നത്. ഐ.പി.വി.6 വരുന്നതോടെ ഇന്റര്‍നെറ്റിന്റെ തുടക്കവര്‍ഷമായ 1983 മുതല്‍ ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള്‍ കാലഹരണപ്പെടും.

ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂെടയാണല്ലോ ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള്‍ തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്്. ഇന്റര്‍നെറ്റ് ആക്‌സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്‌ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്‌ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസുമുണ്ടാകും. നിലവിലുള്ള ഐ.പി.വി. 4 പ്രോട്ടോക്കോള്‍ പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്‍കിയിരുന്നത്. ഉദാഹരണം: 203.199.211.221.

ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ്‌വര്‍ക്ക് മേഖല 2011 ഏപ്രില്‍ 15ന് തന്നെ തങ്ങള്‍ക്കനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്റെ പിറവി സംഭവിക്കുന്നത്.

ഐ.പി.വി. 4ന്റെ പത്തിരട്ടി അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമാണ് ഐ.പി.വി. 6ല്‍ ഐ.പി. അഡ്രസായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം കോടി പുതിയ ഐ.പി. അഡ്രസുകള്‍ നല്‍കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ലോകത്തിലെ മൊത്തം ജനസംഖ്യ തന്നെ എഴുനൂറു കോടിയ്ക്കടുത്തേയുള്ളൂ എന്ന കാര്യം ഓര്‍ക്കണം. ഒരാള്‍ക്ക് സ്വന്തമായി പത്തു ഇന്റര്‍നെറ്റ് ആക്‌സസ് ഗാഡ്ജറ്റുണ്ടെങ്കില്‍ പോലും ഏഴായിരം കോടി ഐ.പി. അഡ്രസുകള്‍ മതിയാകും. ബാക്കിയുള്ളവ മുഴുവന്‍ വരും തലമുറകളുടെ ഉപയോഗത്തിനായുള്ള കരുതല്‍ ശേഖരമായി അവശേഷിക്കും.

ഐ.പി.വി. 6ലേക്കുള്ള കൂടുമാറ്റം വെബ്‌സൈറ്റ് ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ക്ക് പ്രത്യേകമായ സൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഉദാഹരണത്തിന് .കോം, .ഓര്‍ഗ് എന്നതുപോലെ .ഗൂഗിള്‍, .യൂട്യൂബ്, എന്ന രീതിയിലുളള ഡൊമെയ്‌നുകളും ഇനി ലഭ്യമായിത്തുടങ്ങും. പത്തുലക്ഷം രൂപയാണ് ഇത്തരം ഡൊമെയ്‌നുകള്‍ അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷാഫീസ്. ഐ.പി. അഡ്രസുകളുടെ ദുരുപയോഗം തടയുന്നതിനു സഹായിക്കുന്ന പ്രത്യേകമായ സുരക്ഷാസംവിധാനങ്ങളും ഐ.പി.വി. 6ന്റെ പ്രത്യേകതയാണ്.

ഐ.പി.വി. 4ല്‍ നിന്ന് 6ലേക്കുള്ള പറിച്ചുനടല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് രാജ്യാന്തര ഏജന്‍സികളുടെ തീരുമാനം. അതുവരെ രണ്ടു വെര്‍ഷനുകളും പ്രവര്‍ത്തിക്കും. ഐ.പി.വി. 4 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ നിലവിലുളള മാറ്റങ്ങള്‍ യാതൊരു തരത്തിയും ബാധിക്കില്ല. ഈ മാസം തീരുന്നതോടെ ലോകത്തെ മൂഴുവന്‍ ഇന്റനെറ്റ് ഉപയോക്താക്കളില്‍ ഒരു ശതമാനത്തിനെയെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറ്റാനും ഏജന്‍സികള്‍ ലക്ഷ്യമിടുന്നു. മുന്‍നിര ഐ.ടി. കമ്പനികളായ മൈക്രോസോഫ്റ്റ്, കിസ്‌കോ, ഗൂഗിള്‍, യാഹൂ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഐ.പി.വി. 6ലേക്ക് മാറിക്കഴിഞ്ഞു.

കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയത്തില്‍ ഐ.പി.വി.6ലേക്ക് മാറുന്നതിനുളള നടപടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളെല്ലാം ഈവര്‍ഷം അവസാനത്തോടെ പുതിയ വെര്‍ഷനിലേക്ക് മാറുമെന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ രാജ്യത്ത് മൂന്നരക്കോടി ഐ.പി.4 അഡ്രസുകാരുണ്ട്. 2017 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊത്തം ഐ.പി. അഡ്രസുകളുടെ എണ്ണം പതിനാറുകോടിയാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവിലുളള ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ന്ന സ്ഥിതിക്ക് ഏറ്റവും വേഗത്തില്‍ ഐ.പി.വി. 6 നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് േകന്ദ്രസര്‍ക്കാറിനു മുന്നിലുള്ളത്. for more tech news read, click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!