ശനിയാഴ്‌ച, ജനുവരി 05, 2013

പാസ്‌പോര്‍ട്ട് ഫീസ് ഓണ്‍ലൈനില്‍: സംവിധാനം മാര്‍ച്ചിനുള്ളില്‍ !!

ചെന്നൈ: പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാഫീസ് ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുള്ള സംവിധാനം വരുന്ന മാര്‍ച്ചിനുള്ളില്‍ ആരംഭിക്കുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ജോയന്‍റ് സെക്രട്ടറിയുമായ മുക്‌തേഷ് പര്‍ദേശി പറഞ്ഞു. ''ഇതിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഇത് നടപ്പാക്കാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉദ്ദേശിക്കുന്നത്.'' ചെന്നൈയില്‍ വെള്ളിയാഴ്ച മാധ്യമപ്രവരത്തകരോട് സംസാരിക്കുകയായിരുന്നു പര്‍ദേശി.

നിലവില്‍ പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാമെങ്കിലും ഫീസ് അടയ്ക്കുന്നത് നേരിട്ടാണ്. പലപ്പോഴും ഓണ്‍ലൈനില്‍ സമയം ബുക്കുചെയ്യുന്നവര്‍ പിന്നീട് വരാതിരിക്കുന്നതിലൂടെ സര്‍ക്കാറിന് സമയനഷ്ടവും പണനഷ്ടവും ഉണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കാനും ഓണ്‍ലൈന്‍ പെയ്‌മെന്‍റ് സഹായിക്കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി. 1500 രൂപയാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടിനുള്ള ഫിസ്. തത്ക്കാലിന് 3500 രൂപയും.

പോലീസ് പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ അടുത്ത ദിവസം പാസ്‌പോര്‍ട്ട് നല്‍കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി. പലപ്പാഴും മൂന്നാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് കിട്ടിയിരിക്കും. സാധാരണഗതിയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഒരുമാസത്തിലേറെ എടുക്കില്ലെന്നും പര്‍ദേശി പറഞ്ഞു. അപേക്ഷിച്ച് മൂന്നാംദിവസം തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കും.

കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ കേരളത്തില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍ ജോയന്‍റ് സെക്രട്ടറിയുമായ മുക്‌തേഷ് പര്‍ദേശി പറഞ്ഞു. 2011-ല്‍ 11 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് കേരളത്തില്‍ വിതരണംചെയ്തത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. മൂന്നാംസ്ഥാനത്ത് ആന്ധ്രപ്രദേശും നാലാംസ്ഥാനത്ത് തമിഴ്‌നാടുമാണ്. 7.2 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് തമിഴ്‌നാട്ടില്‍ ഇക്കഴിഞ്ഞ വര്‍ഷം വിതരണംചെയ്തത്.

ഇന്ത്യയില്‍ മൊത്തം 4.5 കോടി പാസ്‌പോര്‍ട്ടുകളാണ് നിലവിലുള്ളത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രതി വര്‍ഷം ഒരുകോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുകയെന്നതാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലക്ഷ്യം.

15 വയസ്സിനു താഴെയുള്ള കുട്ടികള്‍, 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍, പോലീസ് വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കൊക്കെ ഓണ്‍ലൈനില്‍ അപേക്ഷിക്കാതെതന്നെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നേരിട്ടു വരാം. തമിഴ്‌നാട്ടില്‍ പുതുച്ചേരി, കാരക്കല്‍, കൃഷ്ണഗിരി, ധര്‍മപുരി എന്നിവിടങ്ങളിലുള്ളവര്‍ക്കും രാവിലെ പത്തിനും ഒരുമണിക്കുമിടയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ നേരിട്ടു വരാം. 3.2 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് ഇക്കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിതരണം ചെയ്തത്.
(courtesy:mathrubhumi.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!