ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച വരുമാനംനേടാന്‍ യോജിച്ചവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മികച്ച ഫണ്ടുകളെക്കുറിച്ചും അവയിലെ നേട്ടങ്ങളെക്കുറിച്ചും വിശദമായിതന്നെ മാസികകളും വെബ് സൈറ്റുകളും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ എവിടെയുമില്ല. അതേക്കുറിച്ച് വിശദമാക്കാമോ?...​
Mutualfund
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താണെന്നറിയാന്‍ നിരവധി ചോദ്യങ്ങളാണ് ദിനംപ്രതി ഇ-മെയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതില്‍നിന്ന് ബോധ്യമാകുന്നത്. രണ്ട് നിക്ഷേപമാര്‍ഗങ്ങള്‍ മാത്രമാണ് മലയാളിക്കുമുന്നിലുള്ളത് ബാങ്ക് നിക്ഷേപവും, ഇന്‍ഷുറന്‍സ് പോളിസികളും. പണപ്പെരുപ്പനിരക്കിനെ മറികടക്കാനുതകുന്ന മികച്ച നിക്ഷേപമാര്‍ഗമെന്ന നിലയിലാണ് ഫണ്ടുകളിലെ നിക്ഷേപം അനുയോജ്യമാകുന്നത്.
എങ്ങനെ നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ട് വിതരക്കാര്‍, ബാങ്കുകള്‍, സാമ്പത്തിക ഉപദേശകര്‍ എന്നിവര്‍ വഴി ഫണ്ടില്‍ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍ക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാം. അത്തരക്കാര്‍ക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഇന്‍വെസ്റ്റര്‍ സര്‍വീസ് സെന്ററുകള്‍ വഴിയും ഇവയുടെ രജിസ്ട്രാര്‍മാരായ കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്(CAMS), കാര്‍വി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റ് വഴിയും നിക്ഷേപം നടത്താം. 


എ.എം.സി. ഓഫീസുകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചില കമ്പനികള്‍ക്ക് ഓഫീസുകളുണ്ട്. കാംസ്, കാര്‍വി തുടങ്ങിയ രജിസ്ട്രാര്‍മാര്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.camsonline.com, www.karvymfs.com എന്നീ വെബ് സൈറ്റുകളില്‍നിന്ന് ലഭിക്കും.


നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ അപേക്ഷാ ഫോറം അയച്ചുതരും. 


കൈവശംവേണ്ട രേഖകള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാന്‍ നമ്പര്‍ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങള്‍ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാല്‍ നിങ്ങള്‍ക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി).



അപേക്ഷയില്‍ ബ്രോക്കര്‍ കോഡ് നല്‍കേണ്ട ഭാഗത്ത് 'ഡയറക്ട്' എന്നെഴുതിയാല്‍ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാല്‍ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഒപ്പ് ഇടാന്‍ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നല്‍കാം. ഫണ്ടിന്റെ പേരില്‍ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സര്‍വീസ് സെന്ററുകളില്‍ നല്‍കണം.


നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയന്‍സ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളും ഓണ്‍ലൈന്‍ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂര്‍ത്തിയാക്കാം. ഒരുതവണ രജിസ്റ്റര്‍ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിന്‍വലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓണ്‍ലൈന്‍ വഴികഴിയും. 


ഡയറക്ട് പ്ലാനുകള്‍
നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കര്‍, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കള്‍, ഇടനിലക്കാര്‍ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. 



നിലവില്‍ സാധാരണ പ്ലാനിലുള്ള എന്‍.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാന്‍ പ്രകാരമുള്ള എന്‍.എ.വി. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന കമ്മീഷന്‍ നിക്ഷേപകന് വീതിച്ചു നല്‍കുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തില്‍ വര്‍ധന ഉണ്ടാകുന്നത്. വിതരണക്കാര്‍ക്കും മറ്റും നല്‍കുന്ന കമ്മീഷന്‍ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തില്‍ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക.
antonycdavis@gmail.com(courtesy:mathrubhumi)Please give a comment about this post; also forward this post your dearest friends and relatives. thanks" !!