ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

വരുന്നൂ... സൂപ്പര്‍ബാറ്ററികള്‍ !!!

സെക്കന്റുകള്‍ക്കുള്ളില്‍ ഫോണ്‍ ഫുള്‍ചാര്‍ജ്ജാകുന്നതിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ഇതാ വരുന്നു സൂപ്പര്‍ബാറ്ററികള്‍.  ഫോണിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഫുള്‍ചാര്‍ജ്ജ് ആക്കാന്‍ സഹായിക്കുന്ന ബാറ്ററികളാണിവ. ഞൊടിയിടയിലുള്ള ചാര്‍ജ്ജിങ് മാത്രമല്ല, ചാര്‍ജ്ജ് ഏറെ സമയം നിലനിര്‍ത്താനും ഈ ബാറ്ററികള്‍ക്ക് ശേഷിയുണ്ടാകുമെന്നാണ്  ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വ്വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ ബാറ്ററിക്കായി പ്രവര്‍ത്തിക്കുന്നത്. ഡാന്‍ ലീയാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഗ്രാഫൈറ്റ്, ജലം എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററിയുടെ നിര്‍മ്മാണം. ഇവ ചേര്‍ത്തുള്ള ബാറ്ററിക്ക് ഇപ്പോഴത്തെ ലിഥിയം ഇയോണ്‍ ബാറ്ററിയുടെ പകരക്കാരനായി എത്താനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

ഈ ബാറ്ററിയുടെ അടിസ്ഥാനരൂപമുണ്ടാക്കാന്‍ ഗ്രാഫീന്‍ എന്ന ധാതുവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ ഐഫോണ്‍ പോലുള്ള സ്മാര്‍ട്‌ഫോണുകളേയും നിമിഷങ്ങള്‍ക്കുള്ളില്‍ ഫുള്‍ചാര്‍ജ്ജിലെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് ലീ അഭിപ്രായപ്പെടുന്നു.

ഗ്രാഫൈറ്റിന്റെ വിഘടിതരൂപമാണ് ഗ്രാഫീന്‍. പെന്‍സില്‍ പോലുള്ള ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വളരെ സാധാരണമെന്ന് വിളിക്കാവുന്ന ധാതുവാണിത്. ശക്തമായ ഇത് മികച്ച വൈദ്യുതി ചാലകവുമാണ്. ഇതാണ് ഊര്‍ജ്ജസംരക്ഷണ സംവിധാനത്തിന് ഗ്രാഫീന്‍ മികച്ചതാണെന്ന് പറയാനുള്ള പ്രധാനകാരണവും.

ഗ്രാഫീനെ ജെല്‍ രൂപത്തില്‍ നിലനിര്‍ത്താന്‍ ജലം സഹായിക്കും. അങ്ങനെ ഒരു മികച്ച റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനാക്കാന്‍ അനുയോജ്യമാണ് ഈ പദാര്‍ത്ഥങ്ങളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഗ്രാഫീന്‍ജെല്‍ ജലശുദ്ധീകരണ സംവിധാനം, ബയോമെഡിക്കല്‍ ഉപകരണം, സെന്‍സര്‍ എന്നിവിടങ്ങളിലും ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. 
(Courtesy: Gulfmalayali)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!