ചൊവ്വാഴ്ച, ഡിസംബർ 27, 2011

റോഡ് അറ്റകുറ്റപ്പണി ബാധ്യതയും കരാറുകാരന് നല്‍കാന്‍ ശുപാര്‍ശ !!

തിരുവനന്തപുരം: പുതിയ റോഡ് നിര്‍മിക്കുകയോ പഴയത് പുനരുദ്ധരിക്കുകയോ ചെയ്യുമ്പോള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള ബാധ്യതയും കരാറുകാരനെ ഏല്‍പ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അറ്റകുറ്റപ്പണിയുടെ ബാധ്യത കരാറുകാരനെ ഏല്‍പ്പിച്ചാല്‍, റോഡ് നിര്‍മാണത്തിന്‍റ ഗുണനിലവാരം ഉയര്‍ത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു.


സംസ്ഥാനത്ത് വന്‍കിട റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കരാറുകാരന് ഉത്തരവാദിത്വമില്ലെന്നാണ് നിലവിലെ അവസ്ഥ. ഇതിന് മാറ്റം വരുത്തണം. റോഡുനിര്‍മാണത്തിനുള്ള കരാര്‍ നല്‍കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും പുനരുദ്ധരിക്കുന്നതിനുള്ള കരാര്‍ നല്‍കുമ്പോള്‍ ഹ്രസ്വകാല അടിസ്ഥാനത്തിലും അറ്റകുറ്റപ്പണിയ്ക്കുള്ള ബാധ്യത കരാറുകാരനെ ഏല്‍പ്പിക്കണം. കെ.എസ്.ടി.പി, സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട്‌സ് എന്നിവയില്‍ ഈ നിബന്ധന ഉള്‍ക്കൊള്ളിക്കണം. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ടത്തില്‍ ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 367 കി.മി.റോഡ് 1350 കോടി ചെലവില്‍ പുനരുദ്ധരിക്കാനാണ് കെ.എസ്.ടി.പി രണ്ടാംഘട്ടം ഉദ്ദേശിച്ചിരുന്നതെങ്കിലും പത്തുവര്‍ഷത്തെ അറ്റകുറ്റപ്പണി ബാധ്യത കൂടി കരാറില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം വായ്പാ ദാതാക്കളായ ലോകബാങ്ക് അംഗീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയ്ക്ക് പതിനഞ്ചുശതമാനം അധികത്തുക വേണ്ടിവരും. ഇതിനുപുറമെ, പുതിയ ചില റോഡുകള്‍ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇവ രണ്ടും ചേര്‍ത്ത് 2000 കോടിയിലധികം രൂപ ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് നിലവിലെ പദ്ധതി. അയ്യായിരം കോടി ചെലവില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കേരള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട്‌സിനായി ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കില്‍ നിന്നാണ് വായ്പയെടുക്കുന്നത്. രണ്ടായിരം കോടിയോളം രൂപയാണ് എ.ഡി.ബിയില്‍ നിന്ന് വായ്പയെടുക്കുന്നത്. ഈ പദ്ധതിയിലും പത്തുവര്‍ഷ അറ്റകുറ്റപ്പണി നിബന്ധന കൂടി ഉള്‍പ്പെടുത്തും. തിരുവനന്തപുരം നഗരത്തില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയില്‍ പതിനഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി നിബന്ധന ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ വിജയകരമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
(courtesy:mathrubhumi.com) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!