മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍ തട്ടിപ്പു സൈറ്റില്‍ വില്‍ക്കുന്നത് 1200 രൂപക്ക്
കോഴിക്കോട്: വിലക്കുറവിന്‍െറ പേര് പറഞ്ഞ് പ്രതിദിനം ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വിവിധതരം തട്ടിപ്പുകള്‍ വ്യപകമാകുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കുക, കേടായവക്ക് പണം മടക്കി നല്‍കാതിരിക്കുക, 80 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വഞ്ചിക്കുക തുടങ്ങി പലതരം തട്ടിപ്പുകളാണ് ഇതുവരെ നടന്നിരുന്നതെങ്കില്‍, ഇപ്പോള്‍ ഉപഭോക്താവ് അറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്ന രീതിയും ചില കമ്പനികള്‍ പരീക്ഷിച്ച് തുടങ്ങി. പൊലീസില്‍ പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാവാത്തതും, സൈറ്റുകളുടെ മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാത്തതും കമ്പനികളുടെ ആസ്ഥാനം കണ്ടുപിടിക്കാന്‍ കഴിയാത്തതുമാണ് ഓണ്‍ലൈന്‍ പര്‍ച്ചേസ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം.
naaptol.com, shopclues, chawla auto spares തുടങ്ങി ചില സൈറ്റുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് വിലക്ക് ഉല്‍പന്നങ്ങള്‍ വാഗ്ദാനംചെയ്താണ് തട്ടിപ്പ്. നാപ്ടോള്‍ സൈറ്റിലെ പരസ്യം കണ്ട് 3500 രൂപക്ക് വിഡിയോ കാമറ വാങ്ങിയ നൂറുകണക്കിനാളുകളാണ് കബളിപ്പിക്കപ്പെട്ടത്. ഈ ലോക്കല്‍ നിര്‍മിത കാമറക്ക് ഗുണനിലവാരം ഇല്ളെന്ന് മാത്രമല്ല, 2500 രൂപക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍, ഇതേ സൈറ്റ് ‘വിലക്കുറവി’ല്‍ വില്‍ക്കുന്നത് 1200 രൂപക്കാണ്. ബുള്ളറ്റ് മോട്ടോര്‍ സൈക്ക്ളിന്‍െറ എല്ലാത്തരം പാര്‍ട്സുകളും വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നതാണ് ഡല്‍ഹി കരോള്‍ബാഗ് ആസ്ഥാനമായ ചൗള ഓട്ടോ സ്പെയേഴ്സ്. സൈറ്റില്‍ വിദേശ ഉല്‍പന്നങ്ങളുടെ ചിത്രം നല്‍കിയാണ് ഇവരുടെ തട്ടിപ്പ്. 1200 രൂപ നല്‍കി ഈ സൈറ്റ് മുഖേന ബ്രിട്ടീഷ് മിലിട്ടറിമോഡല്‍ ഹെല്‍മറ്റ് വാങ്ങിയ കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് റോഡരികില്‍ 200 രൂപക്ക് ലഭിക്കുന്ന ചട്ടിത്തൊപ്പിയാണ്.
rediff.com എന്ന ബിസിനസ് സൈറ്റിലെ പരസ്യം കണ്ട് മൂന്ന് ലിനന്‍ ഷര്‍ട്ടുകള്‍ വാങ്ങിയ മറ്റൊരാള്‍ക്ക് 1500 രൂപ നഷ്ടമായി. സൈറ്റില്‍ ലിനന്‍ ഷര്‍ട്ടിന്‍െറ മനോഹര ചിത്രങ്ങള്‍ കണ്ടാണ് ഇദ്ദേഹം മൂന്ന് ഷര്‍ട്ടുകളടങ്ങുന്ന കോംബോ പാക്ക് ബുക് ചെയ്തത്. കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ലഭിച്ച പാക്കറ്റിനുള്ളില്‍ കോറത്തുണിയുടെ മൂന്ന് ഷര്‍ട്ടുകളായിരുന്നു. കമ്പനിയില്‍ പരാതിപ്പെട്ടപ്പോള്‍, ലഭിച്ച ഷര്‍ട്ടുകളുടെ ചിത്രം ഇ-മെയ്ല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ചിത്രം ലഭിച്ച ഇവര്‍ തെറ്റു സമ്മതിച്ച് പണം മടക്കി നല്‍കാമെന്ന് ഉപഭോക്താവിനെ അറിയിച്ചു. ഷര്‍ട്ടുകള്‍ പാക്ക് ചെയ്ത് കൊറിയര്‍ മുഖേന അയക്കാന്‍ വീണ്ടും 300 രൂപ ചെലവായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് പണം മടക്കിക്കിട്ടിയിട്ടില്ല.
നൂറുകണക്കിന് ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉണ്ടെങ്കിലും ആരും ഉല്‍പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. ഡല്‍ഹി, മുംബൈ,ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള വ്യാപാരികളുമായി കരാറുണ്ടാക്കിയാണ് സൈറ്റുകള്‍ ബിസിനസ് നടത്തുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാലുടന്‍ സൈറ്റ് ഉടമ, അത് വ്യാപാരികള്‍ക്ക് കൈമാറും. കാഷ് ഓണ്‍ ഡെലിവറിയില്‍ കമ്പനിക്ക് പണം ലഭിച്ചതിനുശേഷമേ ഉല്‍പന്നത്തിന്‍െറ വില വ്യാപാരിക്ക് നല്‍കൂ.
കാഷ് ഓണ്‍ ഡെലിവറിക്ക് പകരം ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ മുന്‍കൂര്‍ പണം ഈടാക്കുന്നു. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍െറ സി.വി.വി നമ്പര്‍ തുടങ്ങി സൈറ്റില്‍ ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നല്‍കുന്നവരുമുണ്ട്. ഇ-മെയ്ല്‍ മുഖേന നടത്തുന്ന ഇടപാടിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയേറെയാണ്. സി.വി.വി നമ്പര്‍ ലഭിച്ചാല്‍ അക്കൗണ്ട് ഉടമ അറിയാതെ ബാങ്കില്‍നിന്ന് ഓണ്‍ലൈനില്‍ പണം പിന്‍വലിക്കാനാവും.
ഓണ്‍ലൈന്‍ പര്‍ച്ചേസ് ലാഭകരമെങ്കിലും ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധ ധന്യ മേനോന്‍ മുന്നറിയിപ്പ് നല്‍കുന്നൂ. എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും അടച്ചാക്ഷേപിക്കാന്‍ കഴിയില്ല. ഉല്‍പന്നം മോശമെങ്കില്‍ തിരിച്ചെടുക്കുമോ,പണം മടക്കിനല്‍കുമോ തുടങ്ങി സൈറ്റിലെ ബിസിനസ് കണ്ടീഷനുകള്‍ വ്യക്തമായി വായിച്ചതിനുശേഷമേ ഇടപാട് നടത്താവൂ. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പറോ,സി.വി.വി നമ്പറോ ആര്‍ക്കും കൈമാറരുത്. സര്‍ക്കാറിന്‍െറ നിയന്ത്രണം ഇല്ലാത്തതിനാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനമില്ല -ധന്യ മേനോന്‍ പറഞ്ഞു.
(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!