ആലപ്പുഴ: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹ്യക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. വിവാഹ മോചന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിവാഹ വേളയില്‍ കൈമാറുന്ന സമ്മാനങ്ങളെക്കുറിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

1961 ലെ സ്ത്രീധന നിരോധന നിയമമാണ് നിലവിലുള്ളത്. വധൂ വരന്മാര്‍ക്ക് കിട്ടുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 1985 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഇത്. പക്ഷേ, വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് നല്കണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.

വധുവരന്മാര്‍ക്ക് വിവാഹത്തിന് തൊട്ടു മുന്‍പും പിന്‍പും ലഭിക്കുന്ന സമ്മാനങ്ങളാണ് പട്ടികയില്‍പെടുത്തേണ്ടത്. സമ്മാനങ്ങളുടെ പട്ടിക നല്‌കേണ്ടത് സാമൂഹികനിതീ വകുപ്പിന്റെ നിശ്ചിത ഫോറത്തിലാണ്. സമ്മാനങ്ങളുടെ എണ്ണം, സമ്മാനം നല്കിയ ആളിന്റെ പേര്, സമ്മാനത്തിന്റെ പേര്, സമ്മാനം നല്കിയ ആളുമായുള്ള ബന്ധം, അതിന്റെ കമ്പോളവില എന്നിവ നിര്‍ബന്ധമായും ചേര്‍ക്കണം. സ്വര്‍ണവും വാഹനവും വസ്ത്രവുമെല്ലാം ഇതില്‍പെടും. സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് ഈ േഫാറം ലഭിക്കും.

സമ്മാനപ്പട്ടികയില്‍ വധൂവരന്മാര്‍ ഒപ്പിടണം. മൂന്ന് പകര്‍പ്പില്‍ ഒരെണ്ണം അതത് മേഖലാ സത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസര്‍മാരുള്ളത്. രണ്ട് കോപ്പികള്‍ വധൂവരന്മാര്‍ വെവ്വേറെ സൂക്ഷിക്കണം.

സമ്മാനപ്പട്ടിക നല്കിയില്ലെങ്കില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ സാമൂഹികനീതി വകുപ്പിന് കേസെടുക്കാം. ഇതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. എല്ലാ കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും ഇതുസംബന്ധിച്ച സ്‌ററിക്കര്‍ പതിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.