ദുബായ്: രാജ്യത്ത് തൊഴില്‍തേടി എത്തുന്നവര്‍ നിശ്ചിതയോഗ്യതയും തൊഴില്‍പരിചയവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമഘട്ടത്തിലെത്തി. താമസിയാതെ ഈ വ്യവസ്ഥകള്‍ നിലവില്‍വരും. നിര്‍മാണമേഖലയിലും മറ്റും ജോലി തേടുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
തൊഴില്‍തേടി എത്തുന്നവരുടെ വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവ സംബന്ധിച്ച രേഖകള്‍ യു.എ.ഇ. സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ അതത് രാജ്യത്ത് വെച്ചുതന്നെ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് പ്രധാന വ്യവസ്ഥ. നിര്‍മാണ മേഖല ഉള്‍പ്പെടെ തൊഴില്‍രംഗത്ത് ഏറ്റവും ആധുനികമായ സംവിധാനങ്ങളുള്ള യു.എ.ഇ.യില്‍ എത്തിപ്പെടുന്നവര്‍ക്ക് ഇത്തരം രീതികളില്‍ സ്വന്തം നാട്ടില്‍തന്നെ പരിശീലനം നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ഇതും അംഗീകൃത ഏജന്‍സികള്‍ മുഖേനയാവും നടപ്പാക്കുന്നത്. ഇത്തരം ഏജന്‍സികളുടെ സാക്ഷ്യപത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ മേലില്‍ യു.എ.ഇ.യിലെ തൊഴിലിടങ്ങളില്‍ എത്തിപ്പെടാനാവൂ എന്ന് ഉറപ്പുവരുത്തും. അതത് രാജ്യങ്ങളിലെ യു.എ.ഇ.യുടെ എംബസികളായിരിക്കും ഇത്തരം ഏജന്‍സികളെ നിശ്ചയിക്കുന്നത്.
നിലവില്‍ സന്ദര്‍ശക വിസയിലെത്തിയും സുഹൃത്തുക്കളുടെയും ഏജന്റുമാരുടെയും സ്വാധീനത്തിലുമൊക്കെയാണ് എല്ലാവരും ഇവിടെ തൊഴില്‍ നേടുന്നത്. ഈ രീതിക്ക് മാറ്റം വരുത്താനാണ് യു.എ.ഇ. സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം 'മാതൃഭൂമി'യോട് പറഞ്ഞു. യു.എ.ഇ. തൊഴില്‍ വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശരിയായ യോഗ്യതയുള്ളവരെയും തൊഴില്‍പരിചയമുള്ളവരെയും കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപ്പോള്‍ റെസിഡന്റ് വിസ നല്‍കുമ്പോഴാണ് യു.എ.ഇ. ഗവണ്‍മെന്റ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. പുതിയ വ്യവസ്ഥ വന്നാല്‍ നാട്ടില്‍ നിന്നുതന്നെ ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാവും.
നിര്‍മാണമേഖലയിലും ഗാര്‍ഹികമേഖലയിലും ജോലിക്കായി എത്തുന്നവരാണ് പലപ്പോഴും യു.എ.ഇ.യില്‍ വന്നശേഷം കബളിപ്പിക്കപ്പെടുന്നത്. യു.എ.ഇ.യിലെ തൊഴിലിടങ്ങളില്‍ ഉപയോഗത്തിലുള്ള ഉപകരണങ്ങളുമായോ തൊഴില്‍രീതികളുമായോ യാതൊരു ബന്ധവുമില്ലാത്തവരെയാണ് ഏജന്റുമാര്‍ റിക്രൂട്ട് ചെയ്യുന്നത്. നിര്‍മാണമേഖലയിലെ മിക്ക ഉപകരണങ്ങളും യന്ത്രസംവിധാനങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അപരിചിതമാണ്. ഗാര്‍ഹികജോലിക്ക് എത്തുന്നവരാകട്ടെ പലപ്പോഴും വൈദ്യുതിപോലും ഇല്ലാത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.
ഫിലിപ്പീന്‍സ് പോലെ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ വിദേശത്തേക്ക് ജോലിതേടി പോകുന്നവര്‍ക്കായി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ആ രീതിയിലുള്ള സംവിധാനങ്ങള്‍ ഇനി എല്ലായിടത്തും ഉണ്ടാവുക എന്നതാണ് ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ചെയ്യാവുന്ന നടപടിയെന്നും ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!