തിരുവനന്തപുരം: റംസാന്, ഓണം സീസണുകളില് നാട്ടിലെത്താനും തിരികെപ്പോകാനുമുള്ള ഗള്ഫ് മലയാളികളുടെ ആഗ്രഹങ്ങള്ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടി ഓരോ ആഴ്ചയിലും കേരളത്തില് നിന്നും കേരളത്തിലേക്കുമുള്ള 85000-ല് അധികം ഗള്ഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് വിമാനക്കമ്പനികള്. ഗള്ഫ് മേഖലയിലേക്കുള്ള 944 സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതിനെ തുടര്ന്നാണ് സ്വകാര്യ വിമാനക്കമ്പനികള്ക്ക് ചാകര ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്ത്- സപ്തംബര് മാസത്തില് ശരാശരി 25000 രുപയായിരുന്ന ടിക്കറ്റുകള്ക്ക് ഇക്കൊല്ലം 70000 ല് കൂടുതല് രൂപയാണ് നല്കേണ്ടിവരുന്നത്. എന്നിട്ടും സപ്തംബര് 10 വരെ ഒരു വിമാനക്കമ്പനിയില് നിന്നും ഗള്ഫിലേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്.
എയര് ഇന്ത്യയിലെ സമരം പിന്വലിച്ചിട്ട് ഒന്നര മാസത്തോളം ആയിട്ടും കേരളത്തില് നിന്നുള്ള റദ്ദാക്കിയ സര്വീസുകള് പുനരാരംഭിക്കാന് എയര് ഇന്ത്യ എക്സ്പ്രസ് തയ്യാറാകാത്തതാണ് മറ്റു വിമാനക്കമ്പനികള്ക്ക് കൊള്ളലാഭമുണ്ടാക്കാന് കാരണമാകുന്നത്.
ഇതിനിടെ, സമരകാലത്തുപോലും ആഴ്ചയില് നാലുദിവസം സര്വീസ് നടത്തിയിരുന്ന എയര് ഇന്ത്യ എക്സ്പ്രസ്സിന്റെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോടു വഴിയും കൊച്ചി വഴിയും ദമാമിലേക്കും റിയാദിലേക്കുമുള്ള വിമാനം തിരുവനന്തപുരത്തു നിന്നുള്ള സര്വീസ് അവസാനിപ്പിക്കുക കൂടി ചെയ്തതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വന് തുക മുടക്കേണ്ട അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 280-ഉം കൊച്ചിയില് നിന്ന് 384-ഉം കോഴിക്കോട് നിന്ന് 280-ഉം ഗള്ഫ് മേഖലാ സര്വീസുകളാണ് എയര് ഇന്ത്യ റദ്ദാക്കിയത്.
ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന് വിമാന ടിക്കറ്റിന് ഏര്പ്പെടുത്തിയിരുന്ന നിരക്ക് നിയന്ത്രണം കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്വലിച്ചതാണ് ഭീമമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് സൗകര്യമുണ്ടാക്കിയത്. തിരുവനന്തപുരത്ത് നിന്നും തിരികെയും ഗള്ഫ് മേഖലയിലേക്ക് ആഴ്ചയില് 185 സര്വീസ് നടത്തുന്ന ഒരു വിമാന കമ്പനിക്ക് നിരക്ക് വര്ധന മൂലം 11 കോടി രൂപ അധിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതുപോലെ തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്ക് സര്വീസ് നടത്തുന്ന രണ്ട് സ്വകാര്യ കമ്പനികളുടെ തന്നെ ടിക്കറ്റ് നിരക്കില് പതിനായിരം രൂപയുടെ വ്യത്യാസമാണുള്ളത്.
എന്നാല് പതിനായിരം രൂപ കൂറവുള്ള കമ്പനിയില് നിന്ന് ഒമാനിലേക്ക് ടിക്കറ്റ് കിട്ടില്ലെന്നു മാത്രം. കുവൈത്ത് എയര്വേസില് ജിദ്ദയിലേക്കുള്ള എക്കണോമി നിരക്ക് 69961 രൂപയും കുവൈത്തിലേക്ക് 40734 രൂപയുമാണ്. എയര് അറേബ്യയില് ഷാര്ജയിലേക്ക് 41196 രൂപ ടിക്കറ്റിന് നല്കേണ്ടി വരുമ്പോള് എമിറേറ്റ്സില് ദുബായിലേക്ക് 30954 രൂപ നല്കണം. ജെറ്റ് എയര്വേസില് ദമാമിലേക്കുള്ള നിരക്ക് 40894 രൂപയാണ്. എത്തിഹാദില് അബുദാബിയിലേക്ക് 38653 രൂപയും നല്കേണ്ടതുണ്ട്. ടിക്കറ്റ് നിരക്ക് ഇങ്ങനെയാണെങ്കിലും സപ്തംബര് ആദ്യവാരം വരെ ഇവയിലൊന്നും ടിക്കറ്റുമില്ല.
അതേ സമയം ഈ സീസണ് കാലത്ത് സര്വീസ് റദ്ദാക്കിയതുമൂലം എയര് ഇന്ത്യയ്ക്ക് ഉദ്ദേശം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എയര് ഇന്ത്യയുടെ ഈ നടപടിമുലം ഒരുലക്ഷത്തി എഴുപതിനായിരം യാത്രക്കാരെങ്കിലും മറ്റു വിമാനകമ്പനികളെ ആശ്രയിക്കുന്നുണ്ടെന്ന് കേരള അസോസിയേഷന് ഓഫ് ട്രാവല് ഏജന്റ്സ് പ്രസിഡന്റ് കെ.വി. മുരളീധരന് ചൂണ്ടിക്കാട്ടുന്നു.
രക്ഷിതാക്കളും ഒന്നഴകും
-
* ഒന്നാം ക്ലാസിലെ രക്ഷിതാക്കള്ക്ക് അവരുടെ മക്കളുടെ പഠനത്തെക്കുറിച്ച്
എന്താണ് പറയാനുള്ളത്? ഗുണഭോക്താക്കളാണ് പഠന രീതിയെ വിലയിരുത്തുന്നത്. *
* 1*
* കുട്...
5 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!