ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും.
പലപ്പോഴും ഒരു ഈമെയില്‍ സന്ദേശം send ചെയ്ത ഉടന്‍ നമുക്കു പിണഞ്ഞ അബദ്ധം മനസ്സിലാക്കി അത് തടയാന്‍ ആയിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ അതില്‍ എഴുതിയ അക്ഷര പിശകുകള്‍ തിരുത്താന്‍ വിട്ടു പോയതാവാം. അല്ലെങ്കില്‍ പെട്ടെന്ന് ഒരു ആവേശത്തില്‍ എഴുതിയ സന്ദേശമാവാം. അയച്ചു കഴിയുമ്പോള്‍ ആവും ഛെ! ഇത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അതുമല്ലെങ്കില്‍ reply all എന്ന ഓപ്ഷന്‍ വഴി ഈ മെയില്‍ അയച്ചതു മൂലം നാം ഉദ്ദേശിക്കാത്ത ആള്‍ക്കാര്‍ക്കും നമ്മുടെ സന്ദേശത്തിന്റെ പകര്‍പ്പ് പോയതാവാനും മതി. എന്തായാലും അയച്ചു കഴിഞ്ഞ ഉടന്‍ തെറ്റ് മനസ്സിലാക്കി അത് തടയുവാന്‍ ഉള്ള സൌകര്യം ആണ് ഉപയോക്താവിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ പുതിയ പുതിയ ആശയങ്ങള്‍ ദിനം പ്രതി നടപ്പില്‍ വരുത്തി ലോകത്തിലെ ഏറ്റവും ജനപ്രിയ ഈമെയില്‍ സേവനം ആയി മാറിയ ജീമെയില്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ ഇപ്പോള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഏപ്രില്‍ ഒന്നിന് തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജീമെയിലിന്റെ പിറന്നാള്‍ സമ്മാനം.
തെറ്റു പറ്റി എന്ന് നമ്മള്‍ അറിയുന്നത് പലപ്പോഴും ഈമെയില്‍ അയച്ച് നിമിഷങ്ങള്‍ക്കകം ആണ് എന്നതാണ് ഇതിന്റെ പുറകിലെ ആശയം. ഈ സൌകര്യം ഏര്‍പ്പെടുത്തുന്നതോടെ നിങ്ങളുടെ സന്ദേശം അഞ്ചു സെക്കന്‍ഡ് നേരത്തേക്ക് ജീമെയില്‍ പിടിച്ചു വെക്കുന്നു. ഈ സമയത്തിനിടയില്‍ നിങ്ങള്‍ക്ക് undo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയക്കുന്നതില്‍ നിന്നും തടയാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അഞ്ച് സെക്കന്‍ഡ് എന്ന സമയ പരിധി കൂട്ടുകയും ചെയ്യാവുന്നതാണ്.
നിങ്ങളുടെ ജീമെയില്‍ Settingsല്‍ പോയി അതിലെ Labs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഗൂഗ്‌ള്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ ഒരുക്കിയിരിക്കുന്ന ഇതു പോലുള്ള അനേകം നവീന ആശയങ്ങള്‍ കാണാം. അതില്‍ Undo Send എന്ന ഓപ്ഷന്‍ Enable ചെയ്ത് പേജിന്റെ താഴെയുള്ള Save Changes എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഈ സൌകര്യം നിങ്ങളുടെ ജീമെയിലില്‍ ലഭ്യമാകും. ഇനി നിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ സന്ദേശം അയച്ചു എന്ന അറിയിപ്പിന് തൊട്ടടുത്തായി Undo എന്ന ലിങ്ക് ഉണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ ആ സന്ദേശം അയക്കുന്നതില്‍ നിന്നും തടഞ്ഞ് അതിനെ നിങ്ങള്‍ക്ക് വീണ്ടും edit ചെയ്യാനായി തുറന്നു തരികയും ചെയ്യും. (കടപ്പാട്: ഇ-പത്രം.കോം)