സിയാലുമായി ചേര്‍ന്നു കേരളത്തിന്‍റെ സ്വന്തം വിമാനക്കമ്പനി എയര്‍കേരള പറക്കാനൊരുങ്ങുന്നു. കേരള സര്‍ക്കാരും സിയാലും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. 2006 ഫെബ്രുവരി 20ന് എയര്‍കേരള ആരംഭിക്കാനായി സിയാല്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഫയലിലൊതുങ്ങി.
കേന്ദ്ര വ്യോമയാന നിയമങ്ങളാണ് എയര്‍ കേരളയുടെ തുടര്‍പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായി പറഞ്ഞത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എയര്‍ കേരള പുനരുജ്ജീവിപ്പിക്കാന്‍ നടപടി തുടങ്ങി. എയര്‍ കേരള നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിയാല്‍ എംഡി വി.ജെ. കുര്യന്‍ ഐഎഎസും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണു സൂചന. അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ 20 വിമാനങ്ങളും അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്ന വ്യോമയാന നിയമങ്ങളാണു തുടക്കത്തില്‍ എയര്‍ കേരളയ്ക്ക് തടസമായത്. ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ചര്‍ച്ച നടത്തും. പ്രവാസി മലയാളികള്‍ക്കായി സിയാല്‍ രജിസ്റ്റര്‍ ചെയ്ത എയര്‍കേരളയ്ക്ക് വി.ജെ. കുര്യന്‍ എംഡിയായിരുന്ന കാലത്താണു (2006) ചിറകുമുളച്ചത്. ഒരു കോടി രൂപ ഇതിന്‍റെ പ്രാരംഭചെലവുകള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും വി.ജെ. കുര്യന്‍ എംഡി സ്ഥാനത്ത് നിന്ന് മാറുകയും ചെയ്തതോടെ എയര്‍ കേരള പദ്ധതി മുടങ്ങി. ആറ് വര്‍ഷം കഴിഞ്ഞ് സിയാല്‍ എംഡിയായി കുര്യന്‍ തിരിച്ചെത്തിയതോടെ എയര്‍ കേരള പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കുഞ്ഞാലിക്കുട്ടി എന്നിവരും എയര്‍ കേരള എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചതായാണു സൂചന. 12നു നടക്കുന്ന എമര്‍ജിങ് കേരളയിലും ഈ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടിന് എറണാകുളത്ത് നടക്കുന്ന സിയാല്‍ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലും എയര്‍കേരള ചര്‍ച്ചയാകും. പ്രവാസി മലയാളികളില്‍ നിന്ന് 200 കോടി സമാഹരിച്ച് അഞ്ച് ചെറിയ വിമാനങ്ങല്‍ വാടകയ്ക്കെടുത്ത് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സര്‍വീസിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വലിയ വിമാനങ്ങള്‍ വാടകയ്ക്കെടുക്കാനുമാണും ആലോചനയുണ്ട്. അടുത്ത വര്‍ഷം ആഭ്യന്തരസര്‍വീസ് തുടങ്ങാനാകും വിധത്തില്‍ നടപടികള്‍ സ്വീകരിക്കാനാണു സിയാലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എയര്‍ കേരളയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് തയാറാക്കാന്‍ സിയാല്‍ നടപടി തുടങ്ങി. എയര്‍ കേരളയ്ക്ക് പുതുജീവന്‍ നല്‍കാനുള്ള പദ്ധതിയെ പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!