കണ്ണൂര്‍: സംസ്ഥാനത്തെ പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്യും. എല്ലാ ജില്ലകളിലും ഡാറ്റാഎന്‍ട്രി ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ 76 ലക്ഷം റേഷന്‍കാര്‍ഡ് അപേക്ഷകളിലാണ് ഡാറ്റാഎന്‍ട്രി നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തിരിച്ചയച്ച അപേക്ഷകളില്‍ മാത്രമാണ് ഇപ്പോള്‍ ഡാറ്റാഎന്‍ട്രി നടക്കുന്നത്. വെരിഫിക്കേഷന്‍, കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍, പരാതി പരിശോധന എന്നിവ ഘട്ടംഘട്ടമായി നടക്കും. അക്ഷയ, സിഡിറ്റ്, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡാറ്റാഎന്‍ട്രി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായത്. ഈ മാസം 21 വരെയാണ് വെരിഫിക്കേഷന് സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. അപേക്ഷകളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഓരോ റേഷന്‍കാര്‍ഡും നേരിട്ട് പരിശോധിച്ച് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റേഷന്‍കടകള്‍, താലൂക്ക് സപ്ലൈ ഓഫിസ്, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
ലിസ്റ്റില്‍ പൊതുജനങ്ങള്‍ക്ക് ആക്ഷേപങ്ങളുണ്ടെങ്കില്‍ റേഷന്‍കടകളിലും സപ്ലൈ ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും അറിയിക്കണം. ഈ പരാതികള്‍ മൂന്ന് ഘട്ടമായാണ് പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥ തലത്തിലും രണ്ടാംഘട്ടത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയും പരിശോധന നടത്തും. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ ജില്ലാതലത്തില്‍ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കും.പരാതികള്‍ മുഴുവന്‍ തീര്‍പ്പാക്കിയ ശേഷം കുറ്റമറ്റ റേഷന്‍കാര്‍ഡ് ആയിരിക്കും ഇത്തവണ പുറത്തിറക്കുകയെന്ന് നേരത്തെ തന്നെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെ 82 ലക്ഷം റേഷന്‍കാര്‍ഡുകളുള്ള സ്ഥാനത്ത് ഇപ്പോള്‍ 76 ലക്ഷമായി ചുരുങ്ങിയിട്ടുണ്ട്.
ആധാര്‍കാര്‍ഡ്, ഗ്യാസ് കണക്ഷന്‍, ഐഡന്റിറ്റി കാര്‍ഡ് എന്നിവയിലൂടെ പുതിയ റേഷന്‍കാര്‍ഡ് ലിങ്ക് ചെയ്തതിനാല്‍ ചില കുടുംബങ്ങളില്‍ രണ്ടും മൂന്നും റേഷന്‍ കാര്‍ഡുകളുള്ളത് ഒഴിവാക്കാനായതാണ് റേഷന്‍കാര്‍ഡുകളുടെ അപേക്ഷയില്‍ കുറവുണ്ടാകാന്‍ കാരണം.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും കംപ്യൂട്ടര്‍ വല്‍ക്കരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ റേഷന്‍ കട അടുത്തമാസം കംപ്യൂട്ടര്‍വല്‍ക്കരിക്കും. 1,033 റേഷന്‍കാര്‍ഡുടമകളാണ് ഈ കടയുടെ പരിധിയിലുള്ളത്.
സെപ്തംബര്‍ മാസത്തോടെ 22 റേഷന്‍ കടകള്‍ കൂടി കംപ്യൂട്ടര്‍വല്‍ക്കരിക്കും. എട്ടെണ്ണം എറണാകുളം ജില്ലയിലെ കോതമംഗലത്തും ബാക്കിയുള്ളവ തിരുവനന്തപുരത്തുമാണ്.
ഇവിടങ്ങളിലെ പുരോഗതി വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ 14,400 റേഷന്‍ കടകളിലേയ്ക്കും വ്യാപിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും അഴിമതി മുക്തവുമാക്കാന്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റോക്ക് വിവരം കൃത്യമായി കംപ്യൂട്ടറില്‍ എത്തുന്നതിലൂടെ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്ക് അറുതിയാകും.
റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ സപ്ലൈകോ റേഷന്‍ കടകളിലേയ്ക്ക് ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. യഥാസമയം റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാനായിരുന്നു ഇത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!