[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ഞായറാഴ്‌ച, ജൂലൈ 26, 2015

ഹാം റേഡിയോ _ A Universal friendship


നേപ്പാളിനെ ഭൂകമ്പത്തിന്റെ രൂപത്തില്‍ ദുരന്തം ഗ്രസിച്ചപ്പോള്‍, ആശ്വാസമേകാന്‍ കേരളത്തിലെ അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരും ഉറക്കമിളയ്ക്കുന്നു. ദുരന്തമേഖലയില്‍ കാണാതായവരെ തിരഞ്ഞു പിടിക്കാനുള്ള ശ്രമത്തില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത് 




കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറത്തെ മുഖ്യഓഫീസില്‍ ജോലിനോക്കുന്ന എം.സനില്‍ ദീപ് തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോള്‍ വിചിത്രമായ ഒരു അനുഭവമുണ്ടായി. അദ്ദേഹത്തോട് ഡ്യൂട്ടിലീവെടുത്ത് വീട്ടിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ പറഞ്ഞു. 

വെറുതെ വീട്ടില്‍പോകാന്‍ ആവശ്യപ്പെടുകയല്ല അവര്‍ ചെയ്തത്. ബാങ്കിലെ രണ്ട് സഹപ്രവര്‍ത്തകര്‍ നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയിട്ടുണ്ട്. ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിന് ശേഷം അവരെപ്പറ്റി ഒരു വിവരവുമില്ല. സനില്‍ ദീപ് വീട്ടില്‍ ചെന്നിരുന്ന് നേപ്പാളില്‍ ബന്ധപ്പെട്ട് ആ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കണം! 

ബാങ്ക് ആസ്ഥാനത്തെ ആര്‍ ആന്‍ഡ് എല്‍ വിഭാഗത്തില്‍ മാനേജരായ ആ 56 കാരന്‍, മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസ്സാവഹിച്ച് തിരിച്ചുപോന്നു. 

കോഴിക്കോട് നഗരത്തില്‍ കണ്ണഞ്ചേരിയിലുള്ള മുതുവന വീട്ടില്‍ 12 മണിയോടെ തിരിച്ചെത്തിയ സനില്‍ ദീപ്, രണ്ടുമണിയായപ്പോള്‍ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് അക്കാര്യം അറിയിച്ചു: 'നമ്മുടെ സഹപ്രവര്‍ത്തകരായ വേണുവും വിനോദ് കുമാറും നേപ്പാള്‍ അതിര്‍ത്തിയില്‍ സുനാലിയിലെ ഹോട്ടല്‍ റാഡിസണിലുണ്ട്. അവര്‍ ഖരക്പൂരിലേക്ക് തിരിക്കാന്‍ പോവുകയാണ്'. ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട് പുറക്കാട്ടിരി ബ്രാഞ്ചിലാണ് വേണു പ്രവര്‍ത്തിക്കുന്നത്, വിനോദ് കുമാര്‍ മാള ബ്രാഞ്ചിന്റെ മാനേജരും. 


സനില്‍ ദീപ്



ഇത്രയും വായിക്കുമ്പോള്‍ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തോന്നുന്നില്ലേ. സനില്‍ ദീപ് ശരിക്കും ആരാണെന്നും, അദ്ദേഹം എങ്ങനെ കോഴിക്കോട്ടിരുന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ദുരന്തഭൂമിയില്‍പെട്ടുപോയ തന്റെ സഹപ്രവര്‍ത്തകരുടെ വിവരം തേടിപ്പിടിച്ചതെന്നും അറിയുമ്പോള്‍ സംഭവത്തില്‍ അത്ര അത്ഭുതമൊന്നുമില്ലെന്ന് മനസിലാകും. 

കഴിഞ്ഞ 25 വര്‍ഷമായി സജീവമായി രംഗത്തുള്ള അമേച്വര്‍ റേഡിയോ ഓപ്പറേറ്ററാണ് സനില്‍ ദീപ്. ഹാം റേഡിയോ (HAM Radio) എന്ന പേരില്‍ അറിയപ്പെടുന്ന വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം ലാഭേച്ഛയില്ലാതെ ഹോബിയായി സ്വീകരിച്ചിട്ടുള്ള ലോകത്തെ 20 ലക്ഷം പേരിലൊരാള്‍. 

അദ്ദേഹം കോഴിക്കോട്ടെ വീട്ടിലെത്തി ഹാം റേഡിയോയുടെ ആന്റിന നേപ്പാളിലേക്ക് ബീം ചെയ്ത് അവിടുത്തെ ഹാം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടുകയാണ് ചെയ്തത്. വിവരം തേടുന്നവരുടെ പേരും ഫോണ്‍നമ്പറുമടക്കമുള്ള വിവരങ്ങള്‍ നല്‍കി. ദുരന്തഭൂമിയില്‍ സജീവമായ ഹാം റേഡിയോ നെറ്റ്‌വര്‍ക്കിലൂടെ വിവരം എല്ലാഭാഗത്തേക്കുമെത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സനില്‍ ദീപിന്റെ റേഡിയോ റിസീവറില്‍ സന്ദേശമെത്തി, അന്വേഷിക്കുന്ന രണ്ടുപേരും നേപ്പാള്‍ അതിര്‍ത്തിയിലുണ്ട്!

ഏപ്രില്‍ 25 ശനിയാഴ്ച നേപ്പാളിലുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പം, ആ ഹിമാലയന്‍ താഴ്‌വരയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണ് ചെയ്തത്. 4500 ഓളം പേര്‍ മരിക്കുകയും ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭൂകമ്പം 80 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയെന്നാണ് കണക്ക്. ശക്തമായ തുടര്‍ചലനങ്ങളും മഴയും മേഖലയിലെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. 


ഭൂകമ്പത്തില്‍ വാര്‍ത്താവിനിമയ സംവിധാനം പാടെ തകര്‍ന്നു



ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്ന സീസണിലാണ് ഈ ദുരന്തം. 

ഹാമിന്റെ സമാന്തരപാത

ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സ്വാഭാവികമായും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പാടെ നിലച്ചു. ചുരുക്കം ചില സെല്ലുലാര്‍ സര്‍വീസുകള്‍ മാത്രമാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പോലും കിട്ടുന്നതെന്ന സ്ഥിതിവന്നു. ലഭ്യമായ സര്‍വീസുകള്‍ കൂടുതല്‍ പേര്‍ ഒരേസമയം ഉപയോഗിക്കാന്‍ മത്സരിച്ചതോടെ ആ മൊബൈല്‍ സര്‍വീസുകളും ജാം ആയി.

കണക്ടിവിറ്റിയില്ലെങ്കില്‍ പിന്നെ ഫെയ്‌സ്ബുക്കോ ട്വിറ്ററോ വാട്ട്‌സ്ആപ്പോ കൊണ്ട് കാര്യമില്ലെന്ന് നേപ്പാളില്‍ കുടുങ്ങിയവര്‍ അനുഭവിച്ചറിഞ്ഞു. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണിന് പേപ്പര്‍വെയ്റ്റി വില മാത്രമായി! മൊബൈലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തില്‍ ശരിക്കും അവഗണന നേരിട്ട അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാരുടെ വില വീണ്ടും ലോകത്തിന് ബോധ്യമാകാന്‍ തുടങ്ങിയത് അപ്പോഴാണ്. 

അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരായ സതീഷ് ഖേരലും (അമേച്വര്‍ കോള്‍ സൈന്‍ - 9N1AA), അദ്ദേഹത്തിന്റെ ഭാര്യ തേജും (9N1DX), ദുരന്തബാധിതരെ സഹായിക്കാന്‍ നേപ്പാളില്‍നിന്ന് ഹാം റേഡിയോ നെറ്റ്‌വര്‍ക്ക് സജീവമാക്കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി 'അമേച്വര്‍ റേഡിയോ സൊസൈറ്റി'യുടെ ഇന്ത്യയിലെ ദേശീയ കോഓര്‍ഡിനേറ്റര്‍ ജയു ബിഡെയും (VU2JAU) ഗ്വാളിയൂരില്‍നിന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ലോകമെങ്ങുമുള്ള ഹാം റേഡിയോ പ്രവര്‍ത്തകര്‍ക്ക് നേപ്പാളില്‍ കുടുങ്ങിയവരെ കണ്ടെത്താനും, നേപ്പാളിന് സഹായമെത്തിക്കാനും ഒരു സമാന്തരപാത അങ്ങനെ തുറന്നു. ഹാം റേഡിയോയുടെ ആ സമാന്തര കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് കോഴിക്കോട്ട് കണ്ണഞ്ചേരിയിലിരുന്ന് സനില്‍ ദീപിന് (VU3SIO) നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് തന്റെ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കാനായത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം സനില്‍ ദീപ് ഒറ്റയ്ക്കല്ല. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറാനും, അവിടെ നിന്നുള്ള വിവരങ്ങള്‍ കേരളത്തിലെത്തിക്കാനും 24 മണിക്കൂറും ഉറക്കമിളച്ചിരിക്കുന്ന വേറെയും ഹാം റേഡിയോ പ്രവര്‍ത്തകരുണ്ട്. 


താഹിര്‍ എ.ഉമ്മര്‍



തൃശ്ശൂര്‍ ജില്ലയില്‍ അന്തിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌പേസ് റേസ് അമേച്വര്‍ റേഡിയോ ക്ലബ്ബി'ന്റെ പ്രവര്‍ത്തകര്‍ ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്ന് രാവിലെ മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. 'കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'ജില്ലാ ഡിസാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമി'ല്‍ ഞങ്ങളുടെ ഹാം റേഡിയോ ലൈസന്‍സ് വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്' - ക്ലബ്ബിന്റെ പ്രവര്‍ത്തകനായ താഹിര്‍ എ.ഉമ്മര്‍ പറയുന്നു.

തൃപ്രയാറിനടുത്ത് തളിക്കുളത്തെ വീട്ടിലിരുന്നാണ് താഹിര്‍ (VU3TAH) പ്രവര്‍ത്തിക്കുന്നതെങ്കില്‍, അന്തിക്കാട്ട് നിന്ന് റേഡിയോ ക്ലബ്ബ് പ്രസിഡന്റായ ശ്രീമുരുകനും (VU3KBN), പുത്തന്‍പീടികയില്‍നിന്ന് ശരത് ചന്ദ്രനും (VU2SCV), ആലപ്പാട്ട് നിന്ന് ബിജുവും (VU2EAC) യും നേപ്പാളില്‍നിന്നുള്ള വിവിരങ്ങള്‍ക്ക് കാതോര്‍ക്കുന്നു; കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറുന്നു. 

'നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്' വഴിയാണ് വിവരങ്ങള്‍ കൈമാറുന്നതും, ഇങ്ങോട്ട് വിവരങ്ങള്‍ ലഭിക്കുന്നതും- താഹിര്‍ പറയുന്നു. 24 മണിക്കൂറും ഈ നാല്‍വര്‍ സംഘം സജീവമാണ്. 'ഒരാള്‍ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍, മറ്റ് മൂന്നുപേര്‍ കമ്മ്യൂണിക്കേഷന് തടസ്സമുണ്ടാകതെ ആ ജോലികൂടി ഏറ്റെടുത്തുകൊള്ളും'. 

കണ്ണടയ്ക്കാതെ, ജാഗ്രതയില്‍
ബാഹ്യലോകമറിയത്ത ശരിക്കുള്ള സന്നദ്ധപ്രവര്‍ത്തനമാണ് ഹാം പ്രവര്‍ത്തകര്‍ നടത്തുന്നത്. രാവോ പകലോ വ്യത്യാസമില്ലാതെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. 

നേപ്പാളില്‍ കാണാതായവരുടെ വിവരങ്ങള്‍ ഫോണിലൂടെയും മറ്റും പൊതുജനങ്ങള്‍ അറിയിക്കുന്നത് ഇവര്‍ നേപ്പാളിലെ നെറ്റ്‌വര്‍ക്കിന് കൈമാറും. നാട്ടുകാര്‍ക്ക് അറിയിക്കാനായി ഇവരുടെ ഫോണ്‍നമ്പറുകള്‍ റേഡിയോ നിലയവും ലോക്കല്‍ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 


ശരത് ചന്ദ്രന്‍



മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഹാം റേഡിയോ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ ഹാംറേഡിയോ ലൈസന്‍സുള്ള ആയിരത്തോളം പേരുണ്ടെങ്കിലും, നിലവില്‍ സജീവമായി രംഗത്തുള്ളവര്‍ മുന്നൂറോളമേ വരൂ. 'അവരെല്ലാം വിവരങ്ങള്‍ എത്തിച്ചു തരുന്നതില്‍ സഹകരിക്കുന്നു' - താഹിര്‍ പറഞ്ഞു.

'ഇടുക്കിയില്‍നിന്ന് ഒരു ഹാം പ്രവര്‍ത്തകനാണ് വേണു എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ചുതന്നത്. അദ്ദേഹത്തെ ഭൂകമ്പമേഖലയില്‍നിന്ന് തേടിപ്പിടിക്കാന്‍ കഴിഞ്ഞു' - താഹിര്‍ അറിയിച്ചു. 

'കാണാതായവരെപ്പറ്റി വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ ഹൈ ഫ്രീക്വന്‍സി വഴി നേപ്പാളിന് കൈമാറും. നേപ്പാളുമായി നേരിട്ട് മാത്രമല്ല, ഭൂകമ്പ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലുമുണ്ട്. മുംബൈ, ഹൈദരാബാദ്, ഭോപ്പാല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലുള്ള ഹാമുകളുമായും തുടര്‍ച്ചയായി ബന്ധം സ്ഥാപിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം'. 

'ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അമേച്വര്‍ റേഡിയോ' (NIAR) എന്ന സംഘടന ചൊവ്വാഴ്ച 10 പേരടങ്ങിയ സംഘത്തെ നേപ്പാളിലേക്ക് അയച്ചിരിക്കുകയാണ്' -താഹിര്‍ അറിയിച്ചു. മലയാളിയായ ജോസും ആ സംഘത്തിലുണ്ട്. നേപ്പാളില്‍ ഇപ്പോള്‍ സതീഷ് ഖേരലിന്റെ സ്‌റ്റേഷന്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നത്. ആ കുറവ് പരിഹരിക്കാനാണ് പത്തംഗ ഇന്ത്യന്‍ ഹാം സംഘം യാത്രയായിട്ടുള്ളത്. 

ദുരിതവേളകളില്‍ എന്നും ആശ്വാസം
അന്താരാഷ്ടതലത്തില്‍ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഹാം എന്നനിലയ്ക്ക് പങ്കുചേരുന്നത് ആദ്യമായാണെങ്കിലും, 31-ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 25 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും 'അമേരിക്കന്‍ റേഡിയോ റിലേ ലീഗ്' (ARRL) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് മുമ്പും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1993 ലെ ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് കല്‍പ്പറ്റയില്‍വെച്ച് അപകടം പിണഞ്ഞപ്പോള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ ഹാം റേഡിയോ ആണ് പ്രയോജനപ്പെട്ടത്. 

'മൊബൈല്‍ ഫോണുകളൊന്നും രംഗത്തെത്താത്ത കാലമായിരുന്നു അത്. ഞങ്ങള്‍ ഹാമുകള്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. മുരളി എന്നൊരു ഹാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്ത് വിവരങ്ങള്‍ അപ്പപ്പോള്‍ പുറംലോകത്തെ അറിയിച്ചു' - സനില്‍ ദീപ് ഓര്‍ക്കുന്നു. 'കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഒരു ആശയവിനിമയ ശൃംഖല തന്നെ സൃഷ്ടിച്ചു'. 

'കോഴിക്കോട് മീഞ്ചന്തയില്‍ 90 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസുഖം ബാധിച്ച് അത്യാസന്ന നിലയിലെത്തിയപ്പോള്‍ എം.എസ്.യു.ഡി.എന്നൊരു മരുന്ന് അത്യാവശ്യമായി വന്നു'. എവിടെയും ആ മരുന്ന് കിട്ടാതെ വന്നപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ബന്ധപ്പെട്ടുകൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. 'ഞാന്‍ ആ മരുന്നിന്റെ സോഴ്‌സ് ജര്‍മനിയിലാണെന്ന് തിരിച്ചറിഞ്ഞു. ബ്രിട്ടനിലുള്ള ഒരു ഹാം മരുന്ന് വാങ്ങി അയച്ചു. അപ്പോഴേക്കും ബന്ധുക്കള്‍ക്ക് ദുബായ് വഴി മരുന്ന് കിട്ടി' - സനില്‍ ദീപ് അറിയിക്കുന്നു. 


ബിജു



ഭൂകമ്പവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാലും, ഹാമുകള്‍ പ്രവര്‍ത്തിക്കും. ബാറ്ററിയിലാണ് ഹാം സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു കമ്മ്യൂണിക്കേഷന്‍ ചാനലിന്റെയും ആവശ്യമില്ലാതെ, സ്വതന്ത്ര റേഡിയോ നിലയങ്ങളെപ്പോലെയാണ് ഓരോ ഹാം റേഡിയോ സെറ്റുകളും പ്രവര്‍ത്തിക്കുക. 

വളരെ ദൂരേയ്ക്ക് ബന്ധം സ്ഥാപിക്കാന്‍ ഹൈ ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്. നേപ്പാളുമായി ബന്ധപ്പെടാന്‍ സനില്‍ ദീപും താഹിറുമൊക്കെ അതാണ് ഉപയോഗിക്കുന്നത്. 

വാണിജ്യാവശ്യത്തിനല്ലാതെ, റേഡിയോ ടെക്‌നോളജി ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളവരാണ് അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ആണ് അമേച്വര്‍ റേഡിയോ സര്‍വീസ് ആഗോളതലത്തില്‍ സാധ്യമാക്കുന്നത്. ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രം ഉപയോഗിച്ച് ഇവര്‍ ആശയവിനിമയം നടത്തുന്നു. ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഹാം റേഡിയോ ലൈസന്‍സുകള്‍ നല്‍കാറ്. 

ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും, ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്‍കിയവരാണ് ഹാം റേഡിയോ പ്രവര്‍ത്തകര്‍. അതേ സേവനം ഇപ്പോള്‍ നേപ്പാളിലെ തിരച്ചില്‍ പ്രവര്‍ത്തനത്തെ സഹായിക്കാനും അവര്‍ നല്‍കുന്നു. നവമാധ്യമങ്ങളുടെ വരവോ, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വ്വവ്യാപിയായതോ ഒന്നും ഹാമുകളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല എന്ന് നേപ്പാളും തെളിയിക്കുന്നു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത