തിരുവനന്തപുരം: വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ കീഴിലുള്ള എല്ലാ പോളിങ് ബൂത്ത് പരിധികളിലും ബൂത്ത്‌ലെവല്‍ ഉദ്യോഗസ്ഥരെ (ബി.എല്‍.ഒ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, മണ്ഡലത്തിനുള്ളില്‍ സ്ഥലംമാറി പേര് ചേര്‍ക്കുക, പട്ടികയില്‍ ചേര്‍ത്തിട്ടുള്ള തെറ്റായ വിവരങ്ങള്‍ തിരുത്തുക, പേര് നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വോട്ടര്‍മാരെ സഹായിക്കുന്നതിനാണ് ബി.എല്‍.ഒമാരെ നിയമിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.
നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായത്ര ഉദ്യോഗസ്ഥരെ ലഭിക്കാതെ വന്നാല്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെയും പരിഗണിക്കും.
ബി.എല്‍.ഒ മാരായി നിയമിക്കുന്നതിന് അപേക്ഷിക്കുന്നവര്‍ അതാത് ബൂത്തിലെ വോട്ടറും ബൂത്തിന്റെ പരിധിയില്‍ താമസിക്കുന്നവരുമായിരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമുള്ളവരോ വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ളവരോ ആകരുത്. സംസ്ഥാന സര്‍വീസിലെ യൂനിഫോം ഉപയോഗിക്കുന്ന സേനകളില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കില്ല.
സെപ്റ്റംബര്‍ ഒന്നുമുതല്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 3000 രൂപ ഓണറേറിയം നല്‍കും.
ചീഫ് ഇലക്ഷന്‍ ഓഫിസറുടെ വെബ്‌സൈറ്റ്: ceo.kerala.gov.in