ബാങ്കിങ് എന്ന സങ്കല്‍പത്തെ തന്നെ മാറ്റി മറിച്ച സംവിധാനമാണ് ഓട്ടേമാറ്റഡ് ടെല്ലര്‍ മിഷ്യന്‍ അഥവാ എ.ടി.എം. യാത്രാവേളകളിലും മറ്റും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ മിഷ്യനില്‍ കാര്‍ഡ് കുടുങ്ങുകയോ അല്ലെങ്കില്‍ പണം ലഭിക്കാതെ വരികയോ ചെയ്താല്‍ ഇനി മുതല്‍ പരിഭ്രമിക്കേണ്ട. അത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കറെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സംവിധാനം എ.ടി.എം.കൗണ്ടറുകളില്‍ വരാന്‍ പോകുന്നു.
ബാങ്കിങില്‍ വിപ്ലവം വരുത്തിയ ഒന്നാണ് എ.ടി.എം. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള കാത്തുനില്‍പ്പും നീണ്ട ക്യൂവും എം.ടി.എമ്മുകളുടെ വരവോടെ ഇല്ലാതായി. വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുക എന്ന ബാങ്കുകളുടെ ചെലവേറിയ പദ്ധതിക്കും ഒരു പരിധിവരെ പരിഹാരമായി എ.ടി.എമ്മുകള്‍ മാറി.
വെറുമൊരു ഫോണ്‍വിളിക്കുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മാറിയതുപോലെ, പണം സ്വീകരിക്കാനുള്ള വെറുമൊരു ഉപകരണം എന്നതില്‍ നിന്ന് ഇന്നത്തെ എ.ടി.എമ്മുകള്‍ ഏറെ മാറിയിരിക്കുന്നു. പണം നിക്ഷേപിക്കുക, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കുക, ടിക്കറ്റുകള്‍ ബുക്കുചെയ്യുക, പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങി നേരിട്ട് ബാങ്കിലൂടെ ചെയ്യാവുന്ന മിക്ക ഇടപാടുകളും ഇപ്പോള്‍ എ.ടി.എമ്മിലൂടെയും നടത്താവുന്നതാണ്. ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായി എ.ടി.എം. മാറിയിരിക്കുന്നു.
സാധ്യതകളും ഉപയോഗങ്ങളും വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളും ഏറും. ചില സമയങ്ങളില്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം സ്വീകരിക്കാനോ മറ്റുള്ള ബാങ്കിങ് ഇടപാടുകള്‍ നടപ്പാക്കാനോ സാധിക്കാറില്ല. എ.ടി.എം. കാര്‍ഡുകളുടെയോ ബാങ്ക് അക്കൗണ്ടുകളുടെയോ എ.ടി.എമ്മിന്റെ തന്നെയോ പലതരത്തിലുള്ള പ്രശ്‌നങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാങ്കുകളില്‍ നേരിട്ടുപോയി പ്രശ്‌നം പരിഹരിക്കുക എന്ന ബുദ്ധിമുട്ട് ഇനി മുതല്‍ വേണ്ട. നിങ്ങളുടെ ബാങ്കറെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സംവിധാനം എ.ടി.എമ്മുകളില്‍ വരുന്നു. ടുവേ ലൈവ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബാങ്ക് അധികൃതരുമായി എ.ടി.എം.കൗണ്ടറില്‍ വെച്ചുതന്നെ സംസാരിക്കാനും പ്രശ്‌നം പരിഹാരിക്കാനും ഉപഭോക്താവിന് കഴിയും.
ലോകത്തെ ഏറ്റവും വലിയ എ.ടി.എം.നിര്‍മ്മാതാക്കളായ എന്‍.സി.ആര്‍ ആണ് NCR SelfSrv 32 ATM എന്ന പേരില്‍ പുതിയ എ.ടി.എം. പുറത്തിറക്കിയത്. 'ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ബാങ്ക് സമയങ്ങളില്‍ ബാങ്കുകളില്‍ ചെല്ലാന്‍ സാധിക്കാറില്ല. അതിനാല്‍ ഏതുസമയവും ബാങ്കിങ് ഉദ്യോഗസ്ഥരുമായി ഇടപെടാവുന്ന ഒരു സംവിധാനം അവര്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്' എന്നാണ് എന്‍.സി.ആര്‍. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ഒ ലാഫ്‌ലിന്‍ പുതിയ എ.ടി.എമ്മിനെപ്പറ്റി പറഞ്ഞത്.
എ.ടി.എം. ഇടപാടുകളെപ്പോലെത്തന്നെ 24 മണിക്കൂറും ലഭ്യമാവുന്ന ഈ സേവനം ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സൗകര്യപ്രദമാകും. അമേരിക്കയില്‍ സ്ഥാപിതമായ ഈ പുതിയ എ.ടി.എം. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.