തിരുവനന്തപുരം: പി.എസ്.സിയില്‍ ഓരോ തസ്തികക്കും ഫോട്ടോയും വിശദാംശങ്ങളുമായി ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട സമ്പ്രദായം മാറുന്നു. കമീഷനില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പി.എസ്.സി വിജ്ഞാപനമിറക്കുന്ന എല്ലാ തസ്തികയിലേക്കും പരിഗണിക്കും. ഇതിനായി ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. പി.എസ്.സിയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പോലും ഇത്തരത്തില്‍ ഒരു തവണയായി മാറും.
ഡിസംബര്‍ മുതല്‍ പുതിയ സമ്പ്രദായം നടപ്പാക്കും.നിലവില്‍ ഓണ്‍ലൈനായി വിവിധ തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് അത് ഒറ്റത്തവണ രജിസ്‌ട്രേഷനാക്കി മാറ്റുന്നതിന് അവസരം നല്‍കും. ഇപ്പോള്‍ നടന്നു വരുന്ന എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനാകും.ഫോട്ടോ, വിലാസം, വിദ്യാഭ്യാസ യോഗ്യത അടക്കം മുഴുവന്‍ വിവരങ്ങളുമടക്കമാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ടത്. നിലവില്‍ ഓരോ അപേക്ഷയിലും ഇതെല്ലാം ഉള്‍പ്പെടുത്തണമായിരുന്നു. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ വഴി തന്നെ ഓരോ നമ്പര്‍ നല്‍കും. എല്ലാവര്‍ക്കും പ്രത്യേക പാസ്‌വേഡുമുണ്ടാകും. ഈ നമ്പറും പാസ്‌വേഡുമുപയോഗിച്ചാണ് കമീഷന്‍ നല്‍കുന്ന എല്ലാ വിജ്ഞാപനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ അപേക്ഷക്കും പ്രത്യേക ഫോട്ടോയോ മുഴുവന്‍ വിലാസമോ മറ്റ് വിവരങ്ങളോ നല്‍കേണ്ടതില്ല. മറിച്ച് പാസ്‌വേഡ് ഉപയോഗിച്ച് നമ്പറും അത്യാവശ്യം വിവരങ്ങളും മാത്രം മതിയാകും. ഉദ്യോഗാര്‍ഥികളുടെ മറ്റ് വിവരങ്ങളെല്ലാം നേരത്തെ നടത്തിയ രജിസ്‌ട്രേഷന്‍ രേഖയില്‍ നിന്ന് പി.എസ്.സി എടുക്കും. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിനായി ഈ സമ്പ്രദായം കമീഷന്‍ നടപ്പാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഇപ്രകാരം ശേഖരിക്കാന്‍ കഴിയും വിധം സോഫ്റ്റ്‌വെയര്‍ നവീകരിക്കാനും പി.എസ്.സി തീരുമാനിച്ചു.ഇപ്പോള്‍ കമീഷന്റെ കൈയിലുള്ളതും ഇനി ഡിസംബര്‍ വരെ വരുന്നതുമായ എല്ലാ ഓണ്‍ലൈന്‍ അപേക്ഷകളും ഒരുതവണ രജിസ്‌ട്രേഷനാക്കി മാറ്റാന്‍ അവസരം നല്‍കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ ഇത് ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ അധിക വിദ്യാഭ്യാസ യോഗ്യത നേടുന്ന പക്ഷം അത് പാസ്‌വേഡ് ഉപയോഗിച്ച് വെബ്‌സൈറ്റിലൂടെ തന്നെ അവരവരുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനാകും. പുതിയ സംവിധാനം ഉദ്യോഗാര്‍ഥികള്‍ക്കും കമീഷനും ഒരു പോലെ പ്രയോജനപ്രദമാകുമെന്ന് കമീഷന്‍ പ്രതീക്ഷിക്കുന്നു. മുഴുവന്‍ വിവരങ്ങളും ഫോട്ടോകളുമായി ആവര്‍ത്തിച്ച് അപേക്ഷിക്കേണ്ടതില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം കിട്ടും. പകരം തസ്തികക്കനുസരിച്ച് ഉദ്യോഗാര്‍ഥിയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ മതി. ഓരോ പരീക്ഷക്കും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ആവശ്യമില്ലാതെ വരും. ഇത്തരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാകും. ഒരു തവണ വെരിഫിക്കേഷന്‍ കഴിഞ്ഞവരെ പിന്നീട് വരുന്ന തസ്തികകളിലേക്ക് വെരിഫിക്കേഷനായി വിളിച്ചു വരുത്തില്ല. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നവരില്‍ യോഗ്യത ഉള്ളവരെ മാത്രമേ എഴുത്ത് പരീക്ഷക്ക് വിളിക്കുകയുള്ളൂ. ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത കമീഷന്റെ കൈവശമുള്ളതിനാല്‍ അതില്ലാത്തവരെ ഒഴിവാക്കാന്‍ കമീഷന് കഴിയും. ഇതുവഴി പരീക്ഷാ നടത്തിപ്പ് കുറെക്കൂടി എളുപ്പമാകും. ബിരുദമില്ലാത്തവര്‍ ബിരുദം യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ നല്‍കിയാല്‍ അവരെ ഒഴിവാക്കും. നിലവില്‍ എല്ലാവരെയും പരീക്ഷക്കിരുത്തുകയാണ് പി.എസ്.സി ചെയ്തിരുന്നത്.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!