[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വെള്ളിയാഴ്‌ച, നവംബർ 11, 2011

ചെലവുകള്‍ പരിശോധിക്കൂ; ഭാവി സുരക്ഷിതമാക്കൂ !!!

(പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും ദുബായിലെ ബര്‍ഗീല്‍ ജിയോജിത് ഡയറക്ടറും, പ്രവാസിബന്ധു ട്രസ്റ്റ് ചെയര്‍മാനുമാണ് കെ. വി ഷംസുദ്ദീന്‍) Ph: 00971506467801

പണത്തിന് നിര്‍വ്വചനങ്ങള്‍ ഏറെയുണ്ട്. ചെലവാക്കുമ്പോള്‍ കയ്ക്കുകയും നേടുമ്പോള്‍ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്കയായും പണത്തെ നിര്‍വ്വചിക്കാം. ഒരു പക്ഷെ സാധാരണക്കാരന്റെ ജീവനത്തില്‍ പണത്തിന് ഏറ്റവും അനുയോജ്യമാകുന്ന നിര്‍വ്വചനമാകും ഇത്. പ്രവാസികള്‍ ആരും പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തിനല്ലാതെ സ്വന്തം നാട് വിട്ടവരാകില്ല. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമന്വേഷിച്ച് അന്യനാടുകളില്‍ അഭയം നേടിയ ഇത്തരക്കാരില്‍ പലരും കാലങ്ങളോളം അവിടങ്ങളില്‍ അദ്ധ്വാനിച്ചിട്ട് സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുമ്പോഴും കൈ ശൂന്യമായാണ് എത്തുന്നത്. എന്താണ് ഇവര്‍ക്ക് സംഭവിക്കുന്നത്. എല്ലുമുറിയെ പണിയെടുത്തു കിട്ടുന്ന കാശ് അനാവശ്യമായി ചെലവാക്കാതെ സ്വരൂപിക്കാന്‍ നോക്കിയാലും ഒന്നും കയ്യില്‍ നില്‍ക്കുന്നില്ല. അപ്പോള്‍ ഒന്നുറപ്പ് നിങ്ങള്‍ അനാവശ്യമെന്ന് കണക്കാക്കാത്ത അനാവശ്യ ചെലവുകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് എന്നതാണത്.

ടെലിഫോണ്‍




നാടും വീടും വിട്ടുനിന്ന് ഉറ്റവരെ കാണാതെ വര്‍ഷങ്ങളോളം കഴിയേണ്ടി വരുന്ന പ്രവാസികള്‍ക്ക് ആകെ ലഭിക്കുന്ന ആശ്വാസം വീടുകളിലേക്ക് വിളിച്ച് അവരുമായി സംസാരിക്കുമ്പോഴാണ്. സുഖമായാലും ദു:ഖമായാലും പരസ്പരം പങ്കുവെക്കുമ്പോഴുള്ള സുഖം. ഇതിനായാണ് ഇവര്‍ വീടുകളിലേക്ക് വിളിക്കുക. പക്ഷെ വിളിക്കുന്ന സമയത്തെ അനുസരിച്ചാണ് ഇത് ആവശ്യമായിരുന്നോ അനാവശ്യമായിരുന്നോ എന്നറിയുന്നത്. അതായത് കുടുംബാംഗങ്ങള്‍ സാധാരണ എന്തെങ്കിലും ജോലികള്‍ തിരക്കിട്ടു ചെയ്യുന്ന സമയത്തോ അല്ലെങ്കില്‍ ടെലിവിഷന് മുമ്പില്‍ ഇമവെട്ടാതെ ഇരിക്കുന്ന നേരത്തോ ആണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍ അവിടെ ചെലവ് വരുന്നു. കാരണം നമ്മള്‍ സംസാരിക്കുന്നത് അവര്‍ ശ്രദ്ധിക്കുന്നില്ല. പലപ്പോഴും ആവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നു. അവര്‍ സ്വസ്ഥമായി ഇരിക്കുന്ന സമയങ്ങളില്‍ വിളിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ ഫോണ്‍ ബില്‍ കുറയ്ക്കാം. മാത്രമല്ല, ഇവിടെ നിങ്ങള്‍ (പ്രവാസി) ചെയ്യേണ്ട മറ്റൊരു കാര്യം സംസാരിക്കാനുള്ളത് എന്തെല്ലാമെന്ന് ആദ്യമേ കുറിച്ച് വെക്കുക. ഇങ്ങനെയാകുമ്പോള്‍ വിഷയം കിട്ടാതെ വരില്ല. അത് ഓര്‍ത്തെടുക്കുന്ന സമയവും ലാഭിക്കാം.
പുകവലി



മനുഷ്യരുടെ മറ്റൊരു ദുശ്ശീലമാണ് പുകവലി. അത് പ്രവാസികളെ സംബന്ധിച്ച് കൂടുതലുമാണ്. മാനസിക പിരിമുറുക്കം ഏറെ ഉണ്ടാകുന്നത് ഇവര്‍ക്കിടയിലാണ്. അതിനുള്ള ആശ്വാസമായാണ് പലരും ഈ ദുശ്ശീലത്തെ ഏറ്റെടുക്കുന്നത്. നാട്ടില്‍ സിഗരറ്റ് വലിയില്ലാത്തവര്‍ പക്ഷെ ഗള്‍ഫിലെത്തിയാല്‍ ഇത് പിന്തുടരുന്ന കാഴ്ചയും വിരളമല്ല. ഇത് മൂലം പണം കൊടുത്ത് അസുഖത്തെ വിലക്ക് വാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. ഗള്‍ഫില്‍ നിന്ന് വരുന്ന ഭൂരിഭാഗം പേര്‍ക്കും ശ്വാസകോശസംബന്ധമായ കാന്‍സര്‍ കണ്ടുവരുന്നതായി പല ഡോക്ടര്‍മാരുമായുള്ള സംഭാഷണത്തിനിടെ മനസ്സിലായിട്ടുണ്ട്. ഇത്തരം അസുഖങ്ങള്‍ വരുമ്പോള്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ വലിയ അപകടങ്ങളില്‍ ചെന്ന് പെടുന്നു. അതിനാല്‍ കുടുംബത്തിന്റെ നല്ലനാളേയ്ക്ക് അദ്ധ്വാനിക്കുന്ന നിങ്ങള്‍ ഇത്തരം ദുശ്ശീലത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് ആദ്യം വേണ്ടത്.
ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നവരും കേട്ടറിയുന്നവരുമായ പലരും ഇത്തരത്തില്‍ പുകവലി ഉപേക്ഷിച്ച് മനശാന്തിയും സാമ്പത്തിക ഭദ്രതയും വീണ്ടെടുത്ത അനുഭവം ഉണ്ടായിട്ടുണ്ട്. അബുദാബിയില്‍ ഡ്രൈവറായ അലിയെ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു. പുകവലി ശീലമാക്കിയിരുന്ന ഇദ്ദേഹം ഇതിനായി 5 ദിര്‍ഹം വരെ ദിവസേന ചെലവാക്കാറുണ്ടായിരുന്നു. പിന്നീട് എന്റെ ക്ലാസുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുകവലി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം ഇപ്പോള്‍ 5 ദിര്‍ഹം ദിവസേന സൂക്ഷിച്ച് വെക്കുന്നുണ്ട്. വീട്ടില്‍ ഒരു ചെറിയ പെട്ടി സൂക്ഷിക്കുക, സിഗരറ്റിനായി ചെലവഴിക്കാനാഗ്രഹിക്കുന്ന തുക അപ്പപ്പോള്‍ പണപ്പെട്ടിയില്‍ ഇട്ടുവെക്കുക. ഡ്രൈവറായ അലി വണ്ടിയില്‍ തന്നെയാണ് ഈ പെട്ടി സ്ഥാപിച്ചത്. ഇപ്പോള്‍ 71 ദിവസമായി. സിഗരറ്റ് വലിക്കാന്‍ തോന്നുമ്പോള്‍ ചെലവഴിക്കേണ്ട തുക അദ്ദേഹം ആ പെട്ടിയിലേക്ക് നിക്ഷേപിക്കുന്നു. അലി ഈ തീരുമാനം എന്നെ വിളിച്ചറിയിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്. അദ്ദേഹം ഈ ശീലത്തെ നിക്ഷേപമാക്കി വളര്‍ത്തി പത്ത് വര്‍ഷത്തോളം തുടര്‍ന്നാല്‍ നാട്ടിലേക്ക് തിരിച്ച് പോയാലും പ്രതിമാസം 5000 രൂപ വരുമാനം ഇതില്‍ നിന്ന് ഉണ്ടാക്കാനാകുമെന്നതില്‍ സംശയമില്ല. 

മദ്യപാനം

മാനസികസംഘര്‍ഷത്തില്‍ നിന്ന് മോചനം നേടാന്‍ വേണ്ടി മദ്യപാനം ശീലമാക്കിയവരാണ് ഇവിടങ്ങളില്‍ ഏറെയും. പലരും ദിനംപ്രതി 50 ദിര്‍ഹം വരെ മദ്യപാനത്തിന് ചെലവഴിക്കുന്നുണ്ട്. ഇത്രയും വലിയൊരു തുക മദ്യത്തിന് ചെലവഴിച്ചിട്ട് നൈമിഷിക സന്തോഷം ലഭിക്കുന്നെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? അതിനാല്‍ ഈ തിരിച്ചറിവിലൂടെ മദ്യത്തോടുള്ള ആസക്തിയും മാറ്റാനൊരുങ്ങുക. എങ്കില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവം മദ്യത്തിന് വേണ്ടി ചെലവഴിക്കുന്ന സംഖ്യ പെട്ടിയില്‍ നിക്ഷേപിച്ച് പത്ത് വര്‍ഷം തുടര്‍ന്നാല്‍ നാട്ടിലേക്ക് മടങ്ങുന്ന സമയത്ത് പ്രതിമാസം നല്ലൊരു വരുമാനം നേടാനാകും. പ്രതിദിനമെന്നോണം 16 ദിര്‍ഹം സിഗരറ്റിനും 50 ദിര്‍ഹത്തോളം മദ്യത്തിനും ചെലവഴിച്ചിരുന്ന രവിയെന്ന സുഹൃത്തുമായി ഒരിക്കല്‍ സംസാരിക്കാനിടയായി. ഈ ദുശ്ശീലങ്ങളെ അദ്ദേഹം ജീവിതത്തില്‍ നിന്ന് അകറ്റിയതിന് ശേഷമാണ് ഞാന്‍ രവിയെ പരിചയപ്പെടുന്നത്. അരലിറ്റര്‍ വരെ മദ്യം കഴിച്ചിരുന്ന അദ്ദേഹത്തിന് ഈ ശീലം ഇല്ലാതായതോടെ അമിതകോപവും സമ്മര്‍ദ്ദവും കുറഞ്ഞതായാണ് അനുഭവം. ഈ തീരുമാനത്തിലൂടെ 101 ശതമാനവും താന്‍ വിജയിച്ചെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ആഢംബരം

ഇതിനെല്ലാമൊപ്പം ആഡംബരസ്വഭാവത്തേയും ദുശ്ശീലമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാട്ടിലേക്ക് ലീവിന് പോകുമ്പോഴും മറ്റും കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ അനുവദനീയമായ 30 കിലോയില്‍ കൂടുതല്‍ ലഗേജുകള്‍ മിക്കവരും കൊണ്ടുപോകാറുണ്ട്. ഇത് മൂലം ഭീമമായ ഫീസ് എയര്‍ലൈന് നല്‍കേണ്ടതായും വരുന്നു. ഇത് ചോദിച്ചുവാങ്ങുന്ന ധനനഷ്ടമല്ലേ? ഇന്ന് ഇന്ത്യയില്‍ കിട്ടാത്തതായൊന്നുമില്ല. ഗള്‍ഫ് നാടിന്റെ പ്രത്യേകതകളുള്ള വസ്തുക്കള്‍ മാത്രം ഇവിടെ നിന്ന് അധികം ചെലവില്ലാതെ വാങ്ങി, ബാക്കി വസ്ത്രങ്ങള്‍ ഉള്‍പ്പടെ കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ അവരൊടൊപ്പം പോയി വാങ്ങിച്ചുനല്‍കിയാല്‍ മതിയല്ലോ. ആദ്യത്തെ മാര്‍ഗ്ഗത്തേക്കാള്‍ സംതൃപ്തിയും കൂടും. നാട്ടില്‍ പോകാന്‍ കഴിയാതെ വരുമ്പോള്‍ കുടുംബത്തിന് വേണ്ടി പാര്‍സലുകള്‍ അയയ്ക്കുന്നവരുമില്ലേ. എന്നാല്‍ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികളുടെ ഫലം എന്താണ്. പാര്‍സലുകള്‍ കുറേ കുടുംബാംഗങ്ങള്‍ തന്നെ ഉപയോഗിക്കും, പലതും മറ്റ് വീടുകളില്‍ സന്ദര്‍ശനം നടത്തിയും മറ്റും കുടുംബാംഗങ്ങള്‍ ആഡംബരം കാണിക്കാന്‍ ഗിഫ്റ്റായും വിതരണം ചെയ്യും. പക്ഷെ ജീവിക്കാന്‍ പോലും പണം ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം ചെലവുകള്‍ ഭീമമായ നഷ്ടമല്ലേ വരുത്തിവെക്കുന്നതെന്നോര്‍ക്കുക. നമ്മള്‍ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി പണത്തിനോ മറ്റും കഷ്ടപ്പെടുമ്പോള്‍ മുമ്പ് നിങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ചവരാരെങ്കിലും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമോ. അതിനാല്‍ ഇങ്ങനെ പണം ചെലവാക്കുന്നതില്‍ നിന്നൊരു പിന്‍വാങ്ങല്‍ ആവശ്യമാണ്. 

ഭവനനിര്‍മ്മാണം

ഏതൊരു പ്രവാസിയുടേയും ആദ്യ സ്വപ്നം സ്വന്തമായൊരു വീടാണ്. അത് കെട്ടുന്നത് നാട്ടിലാണെങ്കിലും അതിനായി രാപകലില്ലാതെ അദ്ധ്വാനിക്കുന്നത് അന്യനാട്ടിലാണ്. അതിനാല്‍ അദ്ധ്വാനത്തിന്റെ വില സ്വയം മനസ്സിലാക്കിയും മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ചും എപ്പോഴും സാമ്പത്തികശേഷിയ്ക്ക് അനുസൃതമായ വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുക. കടംവാങ്ങി വീട് വലുതാക്കാനും മോടിപിടിപ്പിക്കാനും ശ്രമിക്കരുത്. സമ്പത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഭവനത്തിന് ചെലവാക്കരുതെന്ന നയമാണ് പിന്തുടരേണ്ടത്. ഭവനം ആദായം ലഭിക്കുന്ന വസ്തുവല്ല. വലുപ്പം കൂടുന്നതിനനുസരിച്ച് അതിന് മേലുള്ള പണികളും കൂടും, ടാക്‌സ് കൂടും. അതിനാല്‍ വീടിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ സാമ്പത്തിക ശേഷിയ്ക്ക് അനുസൃതമായതാകണം. ഭൂമിയിലെ സ്വര്‍ഗ്ഗം ഓരോരുത്തര്‍ക്കും അവരുടെ വീടാണ്. ഇല്ലാത്ത പണമുണ്ടാക്കി നിര്‍മ്മിക്കുന്ന വീട്ടിലിരുന്ന് എന്നും ആവലാതിയോടെ കടം വവ
ീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ദുര്‍വ്യയമില്ലാത്ത വീട്.

വിവാഹം

പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ചടങ്ങായി മാറിയിരിക്കുകയാണ് വിവാഹം. പ്രവാസികള്‍ ബഹുഭൂരിപക്ഷവും ഗള്‍ഫിലെത്തിയ ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായാണ് കാണാറുള്ളത്. അങ്ങനെയുള്ള വിവാഹങ്ങള്‍ക്കെല്ലാം അമിത ചെലവുണ്ടാകാറുമുണ്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്കാണ് ഏറെയും പണം വിവാഹത്തിന് ചെലവാകാറുള്ളത്. നാട് മുഴുവന്‍ കൊണ്ടാടി വിവാഹം കഴിക്കുന്ന ഗള്‍ഫുകാരന്‍/ഗള്‍ഫുകാരന്റെ മകള്‍ (മകന്‍) സന്തോഷത്തിന് വേണ്ടി മാത്രമാണോ ഇത് ചെയ്യുന്നത്? അല്ല, ദുരഭിമാനമാണ് ഒരു പ്രധാന ഘടകം. പക്ഷെ അതിന് വേണ്ടി കടം വാങ്ങി വിവാഹം കഴിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മാത്രമല്ല, പല മധ്യവയസ്‌കരും ഇപ്പോഴും ഗള്‍ഫില്‍ തളച്ചിടപ്പെടുന്നത് മകള്‍ക്ക് സ്ത്രീധനം നല്‍കിയ കടം മൂലമാണ്. ഇന്ന് പലയുവാക്കളും സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ സന്നദ്ധരാണ്. അന്വേഷിച്ചാല്‍ അവരെ കണ്ടെത്താം. പക്ഷെ രക്ഷിതാക്കള്‍ ഇതിന് ശ്രമിക്കാതെ മക്കള്‍ക്ക് സ്ത്രീധനം കണ്ടെത്താനാകാത്തത് സ്വയം ചെറുതാകുന്നതിന് തുല്യമാണെന്ന് മാത്രമാണ് ചിന്തിക്കുന്നത്. സ്ത്രീധനമില്ലാതെ സ്‌നേഹിക്കാന്‍ കഴിയുന്ന ഭര്‍ത്താവിനെയാണ് ഓരോ പിതാവും മക്കള്‍ക്കായി കണ്ടെത്തിക്കൊടുക്കേണ്ടത്. ഇങ്ങനെയേ ഈ ആചാരത്തിന് നിന്ന് മോചനം ലഭിക്കൂ. സ്ത്രീധനം ഇല്ലാതെയും സ്ത്രീയെ പരിപാലിക്കാനാകുമെന്ന ഉറച്ചതീരുമാനം ഇന്നത്തെ യുവതലമുറയും എടുക്കണം.
ഇതിന് പുറമെ അറിയാതെ ചെയ്യുന്ന ധാരാളം ചെലവുകളും പ്രവാസിയുടെ ജീവിതത്തിലുണ്ട്. പലരും അത് പരിശോധിക്കാറില്ലെന്ന് മാത്രം. സ്വയം പരിശോധിച്ചറിയാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തരാം. ആദ്യം ഒരു ചെലവ് നിയന്ത്രണ പട്ടിക ഉണ്ടാക്കുക. ഒരു A4 സൈസ് കടലാസ്സ് ആറായി മുറിച്ച് അതില്‍ ചെലവുകള്‍ രേഖപ്പെടുത്തു. അത് നിങ്ങളുടെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. എന്തിന് ചെലവഴിച്ചു, എത്ര ചെലവഴിച്ചു എന്ന് രേഖപ്പെടുത്തിയ ശേഷം അത്യാവശ്യം, അനാവശ്യം, ഐഛികം എന്നിങ്ങനെയുള്ള മൂന്ന് കോളം കൂടി ചേര്‍ക്കുക. സാധനങ്ങള്‍ വാങ്ങിയ ശേഷം, രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവയില്‍ അത്യാവശ്യം ഏതെല്ലാമായിരുന്നെന്ന് നോക്കി ആ കോളത്തിലും അനാവശ്യം ചെയ്തത് ആ കോളത്തിലും നിര്‍ബന്ധമല്ലാത്തത് ചെയ്‌തെങ്കില്‍ ഐഛികം കോളത്തില്‍ അതും ചേര്‍ക്കുക. അപ്പോള്‍ മനസ്സിലാക്കാം നിങ്ങള്‍ക്ക് എവിടെയെല്ലാം പിഴച്ചെന്ന്. ഇങ്ങനെ ഒരു മാസം തുടര്‍ന്നാല്‍ അനാവശ്യവും നിര്‍ബന്ധമല്ലാത്തതുമായ ചെലവുകള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ നിങ്ങളുടെ ഉപബോധ മനസ്സ് അതില്‍ നിന്ന് നിങ്ങളെ നിയന്ത്രിക്കും. അങ്ങനെ നിക്ഷേപസ്വഭാവം രൂപപ്പെടുത്താം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത