ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ടെലികോം ടവറുകളുടെയും റേഡിയേഷന്‍ പരിധി നിശ്ചയിക്കുന്ന മാര്‍ഗനിര്‍ദേശത്തിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കി. ഇതനുസരിച്ച്, ഇപ്പോള്‍ വിപണിയിലിറങ്ങുന്ന 645 മൊബൈല്‍ ഫോണ്‍ മോഡലുകളില്‍ റേഡിയേഷന്‍ അളവ് കൂടുതലാണ്. പുതിയ റേഡിയേഷന്‍ നിയന്ത്രണ ചട്ടങ്ങള്‍ കണക്കിലെടുത്താല്‍ ഇപ്പോഴത്തെ മൊബൈലുകളില്‍ മുക്കാല്‍ പങ്കിന്റെയും രൂപകല്‍പന മാറ്റേണ്ടിവരും. പുതിയ മാര്‍ഗനിര്‍ദേശം ചൈനീസ് ബ്രാന്‍ഡുകളെ ഏറെ ബാധിക്കും. 1500 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകളുടെ ഉല്‍പാദനം നിര്‍ത്തേണ്ടിവരും.
മൊബൈല്‍ ഫോണുകളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൊബൈല്‍ ഉപയോഗം കാരണം തലവേദന, ഉറക്കമില്ലായ്മ, മാന്ദ്യം, കേള്‍വിക്കുറവ് തുടങ്ങിയവ ഉണ്ടാകുന്നുവെന്ന പരാതി വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയത്. നിലവിലെ റേഡിയേഷന്‍ പകുതി കണ്ട് കുറക്കാന്‍ ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകാതെ ടെലികോം മന്ത്രി കപില്‍ സിബല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. നടപ്പാക്കുന്നതിന്റെ രൂപരേഖ തയാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റേഡിയേഷന്റെ അളവ് മൊബൈല്‍ സെറ്റില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാണ കമ്പനികള്‍ സാങ്കേതിക സംവിധാനം ഒരുക്കണമെന്ന് ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നു. ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഇയര്‍ ഫോണുകളും നല്‍കണം. പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഒമ്പതു മാസംവരെ വേണ്ടിവരുമെന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. വില 30 ശതമാനംവരെ വര്‍ധിക്കാമെന്നും അവര്‍ വിശദീകരിച്ചു. മൊബൈല്‍ ഫോണുകളുടെ റേഡിയേഷനും ടവറുകളുടെ എണ്ണവും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!