ന്യൂദല്‍ഹി: വിദേശ പൗരന്മാര്‍ക്കും ട്രസ്റ്റുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്നു. ജനുവരി 15 ന് ഇതിനുള്ള പുതിയ പദ്ധതി നിലവില്‍ വരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വഴിയേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂ.
പുതിയ തീരുമാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ നിലവാരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. പെന്‍ഷന്‍ ഫണ്ടുകളും ട്രസ്റ്റുകളും സജീവമാകുന്നതോടെ ഓഹരി വിലകളില്‍ വന്‍ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് കുറയും. വിപണിക്ക് കൂടുതല്‍ ആഴം വരുമെന്നതിനാലാണിത്. നിലവില്‍ വിദേശ പൗരന്മാര്‍ക്കും ട്രസ്റ്റുകള്‍ക്കും മറ്റും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെക്യൂരിറ്റീസ് വിപണിയുടെ രാജ്യാന്തര സംഘടനയായ ഐ.ഒ.എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമാവും അനുമതി ലഭിക്കുക. നിലവില്‍ 80 രാജ്യങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. കൂടാതെ വാങ്ങാവുന്ന ഓഹരികളുടെ അളവില്‍ നിയന്ത്രം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
പുതിയ നിര്‍ദേശ പ്രകാരം ഒരു കമ്പനിയുടെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഒരു വ്യക്തിക്ക് വാങ്ങാനാവില്ല. കൂടാതെ വ്യക്തികളും ട്രസ്റ്റുകളും പെന്‍ഷന്‍ ഫണ്ടുകളും മറ്റ് ചേര്‍ന്ന് പരമാവധി 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയും വാങ്ങാന്‍ കഴിയില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പരിധിക്ക് പുറമെയായിരിക്കും ഇത്. ഇന്ത്യയില്‍ ഒരു ഡീമാറ്റ് അകൗണ്ട് തുറന്ന് അതുവഴിമാത്രമായിരുക്കും ഇടപാടുകള്‍. ഇത്തരം അകൗണ്ടുകള്‍ തുറക്കാന്‍ ഇന്ത്യാക്കാര്‍ പാലിക്കേണ്ട നിയമങ്ങളെല്ലാം ഇവര്‍ക്കും ബാധകമായിരിക്കും. ഇത്തരം നിക്ഷേപകരുടെ ആദായ നികുതി ബാധ്യത സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് വൈകാതെ പ്രഖ്യാപിക്കും.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!