തിരുവനന്തപുരം: ഡിസംബര്‍ മുതല്‍ വാഹനികുതി ഓണ്‍ലൈനായി അടയ്ക്കാം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഇറങ്ങും. വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നികുതി ഓണ്‍ലൈനായി സ്വീകരിക്കാന്‍ കഴിയുമെന്നും വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ അന്തിമഘട്ട സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.
എസ്.ബി.ടി, എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്കാണ് ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കാന്‍ കഴിയുക. തുടര്‍ന്ന് മറ്റു ബാങ്കുകളും ഈ നെറ്റുവര്‍ക്കില്‍ എത്തും. ആദ്യഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ നികുതി മാത്രമാണ് ഓണ്‍ലൈനായി സ്വീകരിക്കുക. ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവുമുള്ളവര്‍ക്ക് ഓഫീസിലെത്താതെ നികുതി അടയ്ക്കാം.
രണ്ടാം ഘട്ടത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ടാക്‌സും അടയ്ക്കാന്‍ കഴിയും. ആര്‍.ടി.ഓഫീസുകളുടെ ജോലിഭാരം പകുതിയോളം കുറയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. നികുതി സ്വീകരിക്കാന്‍ മാത്രം അഞ്ചിലധികം കൗണ്ടറുകള്‍ മിക്ക ആര്‍.ടി ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ തിരക്ക് കാര്യമായി കുറയ്ക്കാന്‍ ഓണ്‍ ലൈനിലൂടെ കഴിയും.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ധനകാര്യ വിഭാഗത്തിന്റെ അനുമതി നേടാന്‍മാത്രം മാസങ്ങളെടുത്തു. ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിട്ട് ആറുമാസത്തിലധികമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഗതാഗതവകുപ്പ് തയാറാക്കിയ പദ്ധതിയാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്.
(courtesy:mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!